Sat. Nov 21st, 2026

ഭരണകൂട കുതന്ത്രങ്ങളെല്ലാം സുപ്രീംകോടതിയിൽ പാളി. മാവോയിസ്റ്റ് മുദ്രകുത്തി കഴിഞ്ഞ നാല് വർഷക്കാലമായി പൂനെ യെർവാഡ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ കെ. മുരളി ഒടുവിൽ ജയിൽ മോചിതനായി. ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ പുനെ പോലീസ് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ അദ്ദേഹത്തിന് ജാമ്യം നൽകാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു. ഇതോടെ 2015 മെയ് എട്ടിന് പുനെയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുന്ന കെ മുരളിയെ ജാമ്യത്തിൽ ഇറക്കാനായി സി.അജിതൻ, ജോയി പവേൽ, ഷിൻറോ ലാൽ, ജെയ്‌സൺ കൂപ്പർ തുടങ്ങിയ സുഹൃത്തുക്കൾ ഞായറാഴ്ച ഉച്ചയ്ക്കുതന്നെ പൂനയിലേക്ക് തിരിച്ചിരുന്നു. കോടതിനടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അദ്ദേഹത്തെ റിലീസ് ചെയ്തത്.

ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. 100000 രൂപ ജാമ്യ സംഖ്യ കെട്ടിവെക്കണം, കൂടാതെ എല്ലാമാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്നിവയാണ് ജാമ്യ ഉപാധികൾ.

മുരളിയുടെ അന്യായമായി തുടർന്ന തടവിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. നോം ചോംസ്കി, ജൂഡിത്ത് ബട്ലർ, ഗായത്രി ചക്രവർത്തി സ്പിവാക്, പാർത്ഥ ചാറ്റർജി തുടങ്ങി ലോകത്തിലെ പ്രമുഖരായ ബുദ്ധിജീവികൾ അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രചരണവും നടന്നിരുന്നു. മുരളി കണ്ണമ്പള്ളിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിൽ ബ്രസീലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

കണ്ണമ്പള്ളി മുരളിയുടെ ജയിൽ മോചനത്തിന് കൊച്ചിയിലും ജനകീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു. എം. എം ലോറൻസ്. ഡോ. സെബാസ്റ്റ്യൻ പോൾ, റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍,പി സി ഉണ്ണിച്ചെക്കന്‍, കെ കെ കൊച്ച്, പി ജെ ജയിംസ്, സി ആര്‍ നീലകണ്ഠന്‍, അഡ്വ. കെ എസ് മധുസൂദനന്‍, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു. ഒരു കേസില്‍ പോലും പ്രതിയല്ലാത്ത മുരളി കണ്ണമ്പള്ളിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ വിപുലമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ നടത്താൻ ജസ്റ്റിസ് ഫോര്‍ മുരളി കണ്‍വെന്‍ഷന്‍ അന്ന് തീരുമാനമെടുത്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി 2015  മെയ് 8നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.

അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മുഖപത്രമായ “എ വേള്‍ഡ് ടു വിന്‍” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. അജിത് എന്ന പേരില്‍ മാവോയിസ്റ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ഇദ്ദേഹം ‘ഭൂമി ജാതി ബന്ധനം’ എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു.

ഏറണാകുളം ഇരമ്പനം സ്വദേശിയാണ് മുരളി കണ്ണമ്പിള്ളി 1970 മുതല്‍ സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ നക്സല്‍ മൂവ്മെന്റിന്റെ ഭാഗമായി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്‍ഇസി) വിദ്യാര്‍ഥിയായിരുന്ന മുരളി പഠനം പൂര്‍ത്തിയാക്കാതെ നാടുവിടുകയായിരുന്നു.

പിന്നീട് 1980 കളില്‍ നക്സല്‍ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ വേണു വിഭാഗത്തിനൊപ്പം നിന്നു. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് മാവോയിസ്റ്റ് യൂണിറ്റ് സെന്റര്‍ രൂപീകരിച്ചു. പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളുടെ നിയന്ത്രണം ഇദ്ദേഹത്തിനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ സഹപാഠിയായിരുന്നു.

1976ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നു ആരോപണമുണ്ടായിരുന്നു. എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ബോംബെ ഹൈക്കോടതിഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.