Fri. Nov 20th, 2026

സാമുദായിക ദ്രൂവീകരണ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുന്നു. ലോകത്തെ ഏറ്റവും വലിയ (251 മീറ്റര്‍ ഉയരമുള്ള) വെങ്കല പ്രതിമ സ്ഥാപിക്കാന്‍ ആണ് യു പി സര്‍ക്കാര്‍ തീരുമാനമായിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപെട്ട് യു പി സര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാറിന്റെ സാങ്കേതിക സഹകരണത്തിനായി ധാരണപത്രത്തില്‍ ഒപ്പുവച്ചു. അയോദ്ധ്യയില്‍ സ്ഥാപിക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ളതായിരിക്കും.

സരയു നദിതീരത്തെ നൂറ് ഹെക്ടറുള്ള സ്ഥലത്താണ് ശ്രീരാമ പ്രതിമ സ്ഥാപിക്കുക. ഗുജറാത്തിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയേക്കാള്‍ ഉയരത്തിലാകും ശ്രീരാമന്റെ പ്രതിമ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നതില്‍ അവസാന തീരുമാനമായത്. പ്രതിമ നിര്‍മാണത്തെക്കുറിച്ച് നേരത്തെ തന്നെ സര്‍ക്കാര്‍ സൂചനകള്‍ നല്‍കിയിരുന്നു.

പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. 181 മീറ്ററാണ് പ്രതിമയുടെ നീളം. 50 മീറ്റര്‍ ഉയരമുള്ള അടിത്തറയും 20 മീറ്റര്‍ നീളത്തില്‍ കിരീടവും പ്രതിമക്കുണ്ടാകും. അടിത്തറയ്ക്കുള്ളില്‍ പുരാവസ്തുവകുപ്പിന്റെ പ്രദര്‍ശനാലയം ഉണ്ടായിരിക്കും. ഇതില്‍ അയോധ്യയുടെ ചരിത്രം രേഖപ്പെടുത്തും. സരയു നദിയുടെ ഒഴുക്ക് ഒരു വശത്ത് ഗതിമാറ്റി ശ്രീരാമപ്രതിമയുടെ പാദത്തില്‍ സ്പര്‍ശിക്കും വിധത്തിലാക്കും. ഇതിന് അനുസരിച്ചുള്ള കാര്യങ്ങള്‍ നീക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രതിമയ്‌ക്കൊപ്പം ഗസ്റ്റ് ഹൗസും യുപി സര്‍ക്കാര്‍ നിര്‍മിക്കും. ശ്രീരാമന്റെ ഡിജിറ്റല്‍ മ്യുസിയം ഉള്‍പ്പടെയുള്ളവ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. അയോദ്ധ്യയില്‍ ലൈബ്രറി, ഫുഡ് പ്ലാസ, പാര്‍ക്കിംങ്ങ് പോലുള്ള നിരവധി വികസന പദ്ധതി തയ്യാറാക്കുകയാണ് എന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

പ്രതിമ നിര്‍മ്മാണത്തില്‍ ഐഐടി കാണ്‍പൂരിന്റെയും നാഗ്പൂര്‍ അടിസ്ഥാനമായുള്ള നീരിന്‍റെയും (നാഷണല്‍ എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്) സഹായം തേടുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ആദ്യം മരത്തടിയില്‍ തീര്‍ത്ത ശ്രീരാമന്റെ പ്രതിമ അയോധ്യയില്‍ യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തിരുന്നു.