Fri. Apr 19th, 2024

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍. കേസിലെ മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെയാണ് അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും അന്വേഷണച്ചുമതല നല്‍കി.

ഓരോ സെന്ററുകള്‍ക്കും മുന്‍കൂട്ടി എത്ര പരീക്ഷ പേപ്പറുകള്‍ നല്‍കി എന്നതിനെക്കുറിച്ചും ഓരോ കോ്േജിനും നല്‍കിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. ഞായറാഴ്ച ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പരീക്ഷ എഴുതുന്ന ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. കൂടാതെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വേണ്ടിയാകാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. നാല് കെട്ട് ഉത്തരപേപ്പറുകളാണ് കണ്ടെത്തിയത്. ഒരു കെട്ടില്‍ 12 ആന്‍സര്‍ ഷീറ്റുകളാണുള്ളത്. എന്തിനുവേണ്ടിയാണെന്നോ എവിടെനിന്നാണെന്നോ ഇത് കിട്ടിയതെന്ന് വ്യക്തമല്ല. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നസീമിനേയും കേവദാസപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ ആറു പേരാണ് അറസ്റ്റിലായിരിക്കുന്നത്.