Fri. Nov 20th, 2026

യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ് എഫ് ഐ നേതാക്കള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും അര്‍ധരാത്രി രണ്ട് മണിയോടെ കന്റോണ്‍മെന്റ് പോലീസ് പിടികൂടുകയായിരുന്നു. കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.

ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറ് പേര്‍ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പോലീസ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡി സി പി ആദിത്യ പറഞ്ഞു.