Thursday, August 11, 2022

Latest Posts

അഭയ കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ഫാ.തോമസ് കോട്ടരൂം സി.സെഫിയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇവരുടെ ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ശരിവച്ച സുപ്രീം കോടതി, ഇവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

കേസില്‍ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്ന ഫാ.ജോസ് പുതൃക്കയെയും നാലാം പ്രതി മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെയും കാടതി വിചാരണയ്ക്കു മുന്‍പേ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കേസില്‍ ഇതിനകം വിചാരണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സിസ്റ്റര്‍ സെഫി ഹാജരായിരുന്നില്ല. അടുത്ത തവണ പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1992 ഫെബ്രുവരി 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസില്‍ ഹൈക്കോടതി ഇടപെടലോടെ സി.ബി.ഐ അന്വേഷണം വന്നതോടെയാണ് കൊലപാതകമെന്ന് കണ്ടെത്തുന്നതും പ്രതികള്‍ പിടിയിലായതും. കൊലപാതകം , തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.