Wed. Nov 25th, 2026

സംസ്‌ഥാനെത്തിയ ജര്‍മന്‍ യുവതിയെ കാണാതായി ആഴ്‌ചകള്‍ കഴിഞ്ഞിട്ടും കേസില്‍ യാതൊരു തുമ്പും കണ്ടെത്താനാവാതെ പോലീസ്‌. കേസില്‍ പുരോഗതിയില്ലാതായതോടെ ജര്‍മന്‍ കോണ്‍സുലേറ്റ്‌ അന്വേഷണത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയതായി സൂചനയുണ്ട്. സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്‌സിനെയാണ്‌ കാണാതായത്‌.

ലിസയുടെ മാതാവ്‌ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. കോണ്‍സുലേറ്റ്‌ പരാതി ഡി.ജി.പിക്ക്‌ നല്‍കുകയും പ്രത്യേക സംഘത്തിനു അന്വേഷണം കൈമാറുകയും ചെയ്‌തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയെ കണ്ടെത്താന്‍ പോലീസിനു കഴിയാത്തതിനെത്തുടര്‍ന്നാണ്‌ അന്വേഷണത്തില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റ്‌ അതൃപ്‌തി പ്രകടിപ്പിച്ചത്‌.

മുന്‍പും കേരളത്തിലെത്തിയിരുന്ന ലിസ ആശ്രമങ്ങളിലാണ്‌ കഴിഞ്ഞിരുന്നത്‌. എന്നാല്‍ ഇവിടെ നിന്ന്‌ തിരിച്ചു പോയ ശേഷം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. മതപഠന കേന്ദ്രങ്ങളുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നതായും വിവരങ്ങളുണ്ട്‌. ലിസ ഏതെങ്കിലും മതപഠന കേന്ദ്രത്തിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌.

സംഭവത്തില്‍ ജര്‍മനിയിലെ ബന്ധുക്കളില്‍നിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌. ഇയാള്‍ നേരത്തെ തിരിച്ചു പോയതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴിയാണ്‌ വിവരങ്ങള്‍ ശേഖരിച്ചത്‌.