അലൻ ട്യൂറിംഗ് (1912 – 1954) രണ്ടാം കമഹായുദ്ധകാലത്തെ ഹീറോ ആയിരുന്നു. നാസി എനിഗ്മാ മെഷീൻ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഡീകോഡ് ചെയ്യുന്നതിനായി അദ്ദേഹം തന്റെ ടീമംഗങ്ങളുമായി ചേർന്ന് ബോംബെ എന്ന പേരിൽ ബ്ലച്ച്‌ലേ പാർക്കിൽ ഒരു കമ്പ്യൂട്ടിംഗ് മെഷീൻ നിർമ്മിച്ചു. അലൻ ട്യൂറിംഗ് ഉണ്ടായിരുന്നില്ലെങ്കിൽ, യുദ്ധം വീണ്ടുമൊരു 8വർഷത്തോളം തുടർന്നു പോയേനെ!
ശാസ്ത്രലോകത്തിന് നിരവധി സംഭാവനകൾ ചെയ്ത അദ്ദേഹം, തന്റെ മറ്റു സംഭാവനകൾക്കൊപ്പം അലൻ ട്യൂറിംഗ് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനുള്ള വഴിയൊരുക്കുകയും ചെയ്തു. ആദ്യകാല കമ്പ്യൂട്ടറുകളിൽ മെമ്മറിയിൽ പ്രോഗ്രാമുകൾ സ്റ്റോർ ചെയ്തു വച്ചിരുന്നില്ല. ഈ കമ്പ്യൂട്ടറുകൾ പുതിയൊരു ജോലിക്കായി സജ്ജമാക്കാൻ, മെഷീനിലെ വയറിങ് ചിലയിടത്ത് മാറ്റുകയും കേബിളുകൾ വഴിതിരിച്ചു വിടുകയും ചില സ്വിച്ചുകൾ സജ്ജീകരിക്കുകയും വേണമായിരുന്നു. ഏകദേശം 7ദശകങ്ങൾക്ക് മുമ്പ്, അലൻ ട്യൂറിംഗ് പ്രോഗ്രാമുകൾ സ്റ്റോർ ചെയ്യാവുന്ന ആദ്യത്തെ കമ്പ്യൂട്ടർ നിർമ്മിച്ചു. ഇന്നു നമ്മൾ കാണുന്ന കമ്പ്യൂട്ടറിനുള്ള ഒരു വിലമതിക്കാനാവാത്ത സംഭാവനയായിരുന്നു അത്.
രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി ‘ക്രിപ്റ്റോഗ്രാഫി സംവിധാനങ്ങൾ വികസിപ്പിക്കുകയും ‘അൽഗൊരിഥം’ എന്ന ആശയവും കൊണ്ടുവന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനാണ് അലൻ ടൂറിങ്.
‘ടൂറിങ് ടെസ്റ്റ് ‘ എന്ന പരീക്ഷണംവഴി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന നൂതന കമ്പ്യൂട്ടർ ശാഖയ്ക്ക് തുടക്കമിട്ടു. 1937ൽ പുറത്തുവന്ന ‘കണക്കുകൂട്ടാവുന്ന സംഖ്യകളെപ്പറ്റി’ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഗണിതശാസ്ത്ര പ്രബന്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അലൻ ടൂറിങ്ങിന്റെ പേരിൽ നൽകിവരുന്ന ‘ടൂറിങ് പുരസ്കാരം’ കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നു.

അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.
അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂറിങ്ങിന്റെ സ്വവർഗ്ഗലൈംഗികത തിരിച്ചറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ 1952 മാർച്ച് 31 നു് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗികത തുറന്നു പറയുന്നതിൽ ഒരു തെറ്റൂം ട്യൂറിങ്ങ് കണ്ടിരുന്നില്ല. ജയിലിലേക്കു് പോകുന്നതിനുപകരം ഹോർമോൺ ചികിത്സ ട്യൂറിങ്ങ് സ്വീകരിച്ചു.
തന്റെ പരീക്ഷണങ്ങൾ ട്യൂറിങ്ങ് തുടർന്നു. മോർഫോജനറ്റിക് മേഖലയിൽ അദ്ദേഹം പല പഠനങ്ങളും നടത്തി. ഇലകളിലും സൂര്യകാന്തിച്ചെടിയിലും ഒക്കെ കാണുന്ന വലയങ്ങളും ഫിബൊനാച്ചി ശ്രേണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് അദ്ദേഹം പഠിക്കാനാരംഭിച്ചിരുന്നു. പക്ഷേ 1954 ജൂൺ 7 നു് അദ്ദേഹം സയനൈഡ് ഉള്ളിൽ ചെന്നു് മരിച്ച നിലയിൽ കാണപ്പെട്ടു. പാതി ഭക്ഷിച്ച ഒരു ആപ്പിൾ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു രസതന്ത്രപരീക്ഷണത്തിൽ അബദ്ധത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണു് മരണത്തിനു കാരണം എന്നു വിശ്വസിച്ചു.പക്ഷേ ആപ്പിളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല.

