Sun. Nov 22nd, 2026

✍️ സി. ആർ. സുരേഷ്

വൈദ്യശാസ്ത്രത്തെ ഇരുണ്ട യുഗത്തിൽ നിന്നും മോചിപ്പിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് വില്യം ഹാർവി. 1628ൽ ‘ജന്തു ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനത്തെപ്പറ്റി’ എന്ന പുസ്തകത്തിലൂടെയാണ് ഹാർവി രക്തചംക്രമണവ്യവസ്ഥ വിശദീകരിച്ചത്.

ഹൃദയമിടിക്കുമ്പോൾ ശബ്ദം കേൾക്കുന്നുണ്ട് എന്നും ധമനിയിലേയും സിരയിലെയും രക്തം ഒന്നുതന്നെയെന്നും പരീക്ഷണത്തിലൂടെ അദ്ദേഹം തെളിയിച്ചു. ഈ സിദ്ധാന്തങ്ങളുടെ പേരിൽ പരിഹാസമാണ് ആദ്യം ഹാർവി കേട്ടത്.

തന്റെ കാലഘട്ടത്തിൽ പ്രബലമായിരുന്ന ‘ദൈവം കളിമണ്ണ് കുഴച്ച് മനുഷ്യനെ സൃഷ്ടിച്ച് മൂക്കിൽ കൂടി ഊതിയ’ സെമിറ്റിക്ക് മതങ്ങളുടെ വിശ്വാസങ്ങളെ മാത്രമല്ല പാശ്ചാത്യ വൈദ്യത്തിലേയും അന്നുവരെയുള്ള വിശ്വാസങ്ങളെയും കടന്നുനിന്ന ചിന്തയായിരുന്നു ഹാർവിയുടേത്. രക്തചംക്രമണവ്യവസ്ഥ അംഗീകരിക്കപ്പെട്ടതോടെ പാശ്ചാത്യ വൈദ്യത്തിൽ ‘ഗാലന്‍ (എഡി 130-200)ന്റെ 1400 വർഷം പഴക്കമുള്ള ചിന്തയെ തിരുത്തിയെഴുതി.

ധമനികളിലൂടെ രക്തം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നു എന്നായിരുന്നു ഹാർവിയുടെ തിയറിക്ക് മുൻപുണ്ടായിരുന്ന ധാരണ. അന്ന് ധമനികളും സിരകളും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. എഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘മഹാനായ’ ഭീഷഗ്വരനായിരുന്നു ഗാലൻറെ ഈ ആശയം ഏതാണ്ട് 1400 കൊല്ലക്കാലം നിലനിന്നു.

1578 ഏപ്രില്‍ മാസം ഒന്നാം തീയതിയാണ് വില്യം ഹാര്‍വി ജനിച്ചത്. ആദ്യം കേംബ്രിഡ്ജിലും പിന്നീട് ഇറ്റലിയിലെ പാദുവായിലുമായി അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. 1602 ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തില്‍ ബിരുദം ലഭിച്ചു.

രക്തത്തിന്‍റെ സഞ്ചാരത്തെക്കുറിച്ച് അക്കാലത്ത് പലരും അഭ്യൂഹങ്ങള്‍ നടത്തിയിരുന്നു. പക്ഷെ ഹാര്‍വി ഗുരുനാഥന്മാരുടെ പാത പിന്തുടരുകയും ആവരുടെ നിഗമനങ്ങള്‍ക്ക് തെളിവുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതിന് പകരം മനുഷ്യശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിരീക്ഷിച്ചു. അനാട്ടമിയുടെ പിതാവ് എന്നറിയപ്പെടുന്ന ‘വെസാലിയസ്’ ഹാര്‍വിക്കു മുന്‍പ് പാദുവായിലെ അദ്ധ്യാപകനായിരുന്നു. ആദ്യമായി മനുഷ്യശരീരം കീറിമുറിച്ച് പഠനം നടത്തിയത് വെസാലിയസ് ആയിരുന്നു. ഹാര്‍വി വെസാലിയസിന്‍റെ പാത പിന്തുടരാനാണ് ശ്രമിച്ചത്.

ഹാര്‍വി ജന്തുക്കളുടെ ഹൃദയസ്പന്ദനം പഠനവിധേയമാക്കി. ഹൃദയത്തിന്‍റെ രണ്ടു പകുതികളും സങ്കോചിക്കുന്നത് ഒരേ സമയത്തല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. വെന്ട്രിക്കിളുകളും ആറിക്കിളുകളും പഠനവിധേയമാക്കിയതില്‍ നിന്ന് അവയില്‍ വാല്‍വുകളുണ്ടെന്നും അവ ഒരേ ദിശയില്‍ മാത്രം പ്രവര്ത്തി ക്കുന്നവയാണെന്നും മനസ്സിലാക്കി.

ഓരോ സങ്കോചത്തിലും ഹൃദയം ഒരു നിശ്ചിത അളവ് രക്തം ആര്‍ട്ടറികളിലേക്കു പമ്പ് ചെയ്യുന്നു. പക്ഷെ ഇതുമുഴുവന്‍ എവിടെനിന്ന് വരുന്നു. എങ്ങോട്ട് പോകുന്നു. ഒറ്റ ഉത്തരമേഅദ്ദേഹത്തിനു കണ്ടെത്താനായുള്ളു. രക്തം ചംക്രമണം നടത്തുന്നുണ്ട്. ഹൃദയത്തില്‍ നിന്ന് പുറത്തേക്കു പോകുന്ന രക്തം തിരിച്ചു വന്നേ മതിയാവൂ. പക്ഷെ എങ്ങനെ ?

അദ്ദേഹം ധമനികളെ കെട്ടിയമര്‍ത്തിവെച്ചു നോക്കി. മര്‍ദ്ദം മൂലം ഹൃദയത്തിന്‍റെ ദിശയില്‍ അവ വീര്‍ത്തു വരുന്നതായി കണ്ടു. വെയിനുകളില്‍ ഈ പരീക്ഷണം നടത്തിയപ്പോള്‍ മര്‍ദ്ദം സഞ്ചിതമാകുന്നത് ഹൃദയത്തിന്‍റെ എതിര്‍ ദി്ശയിലാണെന്നും അദ്ദേഹത്തിന് മനസ്സിലായി. രക്തം ചംക്രമണം ചെയ്യുന്നു എന്നദ്ദേഹത്തിന് മനസ്സിലായി. പക്ഷെ അതെങ്ങനെ ധമനികളില്‍ നിന്ന് സിരകളിലെത്തുന്നു എന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവതമ്മില്‍ ഒരു ബന്ധവും കണ്ടെത്താന്‍ ഹാര്‍വിക്കു കഴിഞ്ഞില്ല.

1628 ല്‍ ഹാര്‍വി തന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു. 52 പേജുള്ള ഒരു പേപ്പറായി. ‘ഹൃദയത്തിന്‍റെ ചലനത്തെ സംബന്ധിച്ച്’. അതോടെ ഹാര്‍വിയുടെ പ്രാക്ടീസ് ഇടിഞ്ഞു. തലക്കു നല്ല വെളിവില്ലാത്ത ഒരാളെ വിശ്വസിക്കാന്‍ രോഗികള്‍ തയ്യാറായിരുന്നില്ല. അതിനു ശേഷം ‘Circulator’ എന്ന ഇരട്ടപ്പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്രെ. രക്തത്തിന്‍റെ സര്‍ക്കുലേഷനില്‍ വിശ്വസിച്ചതുകൊണ്ടല്ല ആ പേര് വീണത്. ‘Circulator’ എന്ന വാക്ക് ‘quack’ എന്ന വാക്കിന്‍റെ ലാറ്റിന് ഗ്രാമ്യരൂപമാണ്.

ഹാര്‍വി മരിച്ച് നാലു വര്‍ഷങ്ങള്‍ക്കു് ശേഷം ‘മാര്‍സെല്ലോ മാല്ഫി്ഗി’ സൂഷ്മദര്ശരനിയിലൂടെ തവളയുടെ ശരീരത്തിലെ ജീവനുള്ള കലകള്‍ പരിശോധിക്കുമ്പോള്‍ സിരകളെയും ധമനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂഷ്മ രക്തക്കുഴലുകള്‍ കണ്ടെത്തി. അദ്ദേഹം അവയെ ‘കാപ്പില്ലറീസ്’ എന്നു വിശേഷിപ്പിച്ചു. അതോടെ രക്ത ചംക്രമണം ഒരു ശാസ്ത്രവസ്തുതയായി. ആധുനിക ജീവശാസ്ത്രത്തിന്‍റെ വളര്‍ച്ച ഇവിടെ നിന്ന് തുടങ്ങുന്നു. പാരമ്പര്യത്തിന്‍റെ പൊടിപിടിച്ച ആധികാരികതയില്‍ അന്ധമായി ആശ്രയിക്കാതെ സ്വന്തമായി ചോദ്യങ്ങള്‍ ഉന്നയിക്കാനും നിരീക്ഷണങ്ങള്‍ നടത്താനും ഹാർവി പ്പോലുള്ളവര്‍ തയ്യാറായതുകൊണ്ടാണ് ആധുനിക ശാസ്ത്രം സാധ്യമായത്.