ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു. ആശ്രമത്തില്‍വച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് വിധി. കേസിലെ മറ്റു പ്രതികളായ ഗംഗ, ജമുന, കൗശല്‍ എന്നീ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ആശ്രമത്തിലെ അന്തേവാസികളെ ആശാറാമും മകനും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. രമേശ് മല്‍ഹോത്ര എന്നയാളെ ആറുമാസത്തേയ്ക്ക് ജയിലിലടയ്ക്കാനും വിധിച്ചിട്ടുണ്ട്.
കേസില്‍ 35 പ്രതികളും 53 സാക്ഷികളും ഉണ്ട്. പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. ജോധ്പുരിലെ ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ഇപ്പോള്‍ ജയിലിലാണ്.