Mon. Nov 23rd, 2026

സാധാരണ വാര്‍ത്താ ചാനലുകളുടെ പ്രൈം ടൈമില്‍ ഏറ്റവും ഗൗരവത്തിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് തീര്‍ത്തും രസകരമായ പ്രോഗ്രാമായിരുന്നു. മാങ്ങ എങ്ങനെയൊക്കെ തിന്നാം എന്ന തീര്‍ത്തും കാലിക പ്രസക്തമായ പരിപാടി.

താങ്കള്‍ക്ക് മാമ്പഴം ഇഷ്ടമാണോ? താങ്കള്‍ക്ക് ദേഷ്യം വരാറുണ്ടോ? എങ്ങനെയാണ് അത് തീര്‍ക്കാറുള്ളത്? ഫാമിലിയെ മിസ്സ് ചെയ്യുന്നുണ്ടോ? വാച്ച് തിരിച്ചു കെട്ടുന്നത് എന്തിനാണ്? അലാവുദ്ദീന്റെ അത്ഭുത വിളക്ക് കിട്ടിയാല്‍ ഏതൊക്കെ വരങ്ങള്‍ ചോദിക്കും? ജലദോഷം വന്നാല്‍ ഏത് മരുന്നാണ് കഴിക്കാറുള്ളത്? വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്? ഭക്ഷണം 40 വട്ടം ചവച്ച് കഴിക്കണം എന്ന് വേദങ്ങള്‍ പറയുന്നു. യോജിക്കുന്നുണ്ടോ?

മാങ്ങ കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അത് വലിയ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയോട് എങ്ങനെയാണ് താങ്കള്‍ മാങ്ങ കഴിക്കാറുള്ളത്, കഷ്ണം മുറിച്ചാണോ അതോ മുറിക്കാതെയാണോ എന്നുപോലും അക്ഷയ് കുമാര്‍ ചോദിച്ചുകളഞ്ഞു. ഇത്രമേല്‍ വലിയ ദുരന്തം സമീപകാല മാധ്യമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തീര്‍ത്തും അരാഷ്ട്രീയമായ അഭിമുഖമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖം പുറത്തുവന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ ഏറ്റെടുത്ത പ്രസ്തുത അഭിമുഖത്തില്‍ പ്രധാനമന്ത്രിയോട് ചോദിച്ച സംഭവബഹുലമായ ചോദ്യങ്ങളില്‍ ചിലതാണ് മുകളില്‍. രാജ്യം സുപ്രധാനമായ ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇത്രമേല്‍ ലളിതമായ ചോദ്യങ്ങളും അതിനേക്കാള്‍ വലിയ പൊങ്ങച്ചത്തോടെയുള്ള ഉത്തരങ്ങളും കണ്ട് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി.

ഭരണം അവസാനിക്കാനിരിക്കുന്ന ഈ നിര്‍ണായക നിമിഷത്തിലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരിക്കാനുള്ളത് താന്‍ കഴിക്കുന്ന മാങ്ങയെക്കുറിച്ചും ധരിക്കുന്ന കുര്‍ത്തയെക്കുറിച്ചും മാത്രമായിപ്പോകുന്നു എന്നിടത്താണ് അത്രമേല്‍ അരാഷ്ട്രീയമല്ലാത്ത ഈ അഭിമുഖത്തെ വിലയിരുത്തേണ്ടത്.

ഇത്രമേല്‍ അരാഷ്ട്രീയമായ പൊങ്ങച്ചത്തെ ആഘോഷിക്കുന്നതിലൂടെ ദേശീയ രംഗത്തെ മാധ്യമങ്ങള്‍ എന്താണ് പ്രേക്ഷകരോട് പറയുന്നത്? ഇത്തരം ചോദ്യങ്ങളിലൂടെ മുന്നോട്ടു പോകുമ്പോഴാണ് പുറമേ നിരുപദ്രവമെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ കൃത്യമായ രാഷ്ട്രീയം ഉള്‍വഹിക്കുന്ന ഒന്നാണ് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം എന്ന് മനസ്സിലാകുന്നത്.

ഈയൊരു വസ്തുതയിലേക്ക് വെളിച്ചം വീശുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് എന്‍ ഡി ടി വി സംപ്രേക്ഷണം ചെയ്തത്. സാധാരണ വാര്‍ത്താ ചാനലുകളുടെ പ്രൈം ടൈമില്‍ ഏറ്റവും ഗൗരവത്തിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് തീര്‍ത്തും രസകരമായ പ്രോഗ്രാമായിരുന്നു. മാങ്ങ എങ്ങനെയൊക്കെ തിന്നാം എന്ന തീര്‍ത്തും കാലിക പ്രസക്തമായ പരിപാടി. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നമ്മുടെ പ്രധാനമന്ത്രി തീര്‍ത്തും അപ്രസക്തവും അരാഷ്ട്രീയവുമായ വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നുവെങ്കില്‍ നമ്മള്‍ മാത്രം എന്തിന് മാറിനില്‍ക്കണം എന്ന് പറഞ്ഞാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ പ്രസ്തുത പ്രോഗ്രാം തുടങ്ങുന്നത്. രാഷ്ട്രീയം പറയേണ്ടതില്ലാത്ത ഈ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളും രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാങ്ങയെ കുറിച്ച് പറഞ്ഞ് ഇന്നത്തെ പ്രൈം ടൈം തുടങ്ങാമെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് രവീഷ് കുമാര്‍ ചര്‍ച്ച ആരംഭിച്ചത്.

രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളൊന്നും തനിക്ക് ഇപ്പോഴും പ്രശ്‌നമേയല്ലെന്ന് വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ് പ്രധാനമന്ത്രി. പുല്‍വാമയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ രക്തസാക്ഷികളായത് അറിഞ്ഞ ശേഷവും സ്വന്തം ബ്രാന്‍ഡിംഗിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ട് നിര്‍ത്തിവെക്കാന്‍ മനസ്സില്ലാത്ത ഒരു പ്രധാനമന്ത്രിക്ക് മാത്രമേ ഇത്രമേല്‍ അരാഷ്ട്രീയമായി സംസാരിക്കാന്‍ കഴിയൂ. മോദിസ്തുതി പാടി മാത്രം പരിചയമുള്ള മാധ്യമങ്ങളുടെ കാര്യത്തില്‍ പിന്നെ അത്ഭുതപ്പെടേണ്ടതില്ലല്ലോ.

പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാറിനെയും ബാധിക്കുന്ന വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെ നാളിതുവരെയും കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ തുടരുന്ന മാധ്യമങ്ങള്‍ക്ക് ഈ അഭിമുഖത്തെക്കുറിച്ചും പുകഴ്ത്തിപ്പറയാനേ നേരമുണ്ടാകൂ. ഈ ആസുര സമയത്തും എന്‍ ഡി ടി വി പോലുള്ള ചുരുക്കം ചില വാര്‍ത്താചാനലുകള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നു. ഈ ഗിമ്മിക്കുകളൊക്കെ കാണിക്കാനും മണിക്കൂറുകള്‍ ക്യാമറക്ക് മുന്നിലിരുന്ന് സ്വയം പുകഴ്ത്താനും സമയവും സാവകാശവുമുള്ള നമ്മുടെ പ്രധാനമന്ത്രി ഇനി എന്നാണ് ഒരു വാര്‍ത്താ സമ്മേളനത്തിനെങ്കിലും തയ്യാറാകുക എന്നത് ഉത്തരമില്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.