Wed. Nov 25th, 2026

പെരുമണ്ണിൽ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാർഥികൾ മരിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ എം അബ്ദുൽ കബീറിനെ(46) കോടതി ശിക്ഷിച്ചത്. അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.

ഓരോ കുട്ടിയുടെ മരണത്തിനും പത്ത് വർഷം തടവും ഒരു ലക്ഷം പിഴയടക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കിൽ മുപ്പതു മാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ ഓരോ ലക്ഷം വീതം കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. അതിനാൽ പത്ത് വർഷം തടവ് ശിക്ഷ മതിയാവും.

2008 ഡിസംബർ നാലിന് വൈകിട്ട് 4.15നാണ് പെരുമണ്ണിൽ വാഹനാപകടത്തിൽ പത്തുകുട്ടികൾ മരിച്ചത്. ദുരന്തം പത്താണ്ട് പിന്നിട്ട ശേഷമാണ് കേസിൽ വിധി വരുന്നത്. പെരുമണ്ണ് നാരായണ വിലാസം എൽപി സ്‌കൂൾ വിട്ട് വിദ്യാർഥികൾ റോഡിന്റെ വലതു ഭാഗത്തുകൂടെ വരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോൾ പിറകു വശത്തുനിന്നു വന്ന ടെമ്പോ വാഹനം കുട്ടികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

പരുമണ്ണ് പടിയൂർ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന (ഏഴ്), അനുശ്രീ, ചിറ്റയിൽ ഹൗസിൽ സുരേന്ദ്രന്റെ മകൾ സാന്ദ്ര സുരേന്ദ്രൻ (എട്ട്), കുംഭത്തി ഹൗസിൽ നാരായണന്റെ മകൾ കാവ്യ (എട്ട്), കൃഷ്ണാലയത്തിൽ കുട്ടന്റെ മകൾ നന്ദന (ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകൾ മിഥുന (അഞ്ച്), ബാറുകുന്നുമ്മൽ ഹൗസിൽ മോഹനന്റെ മകൾ സോന (എട്ട്), സറീന മാൻസിലിൽ ഇബ്രാഹിമിന്റെ മകൾ സി വി എൻ റംഷാന (എട്ട്), സജീവന്റെ മകൾ സഞ്ജന (അഞ്ച്), ബാറുകുന്നുമ്മൽ വീട്ടിൽ വിജയന്റെ മകൻ വൈഷ്ണവ് (ഏഴ്) എന്നിവരാണ് മരിച്ചത്

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആകെ 72 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി കെ രാമചന്ദ്രൻ ഹാജരായി.