ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ആരോപണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
മുന്‍ പി.ടി.എ. പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ എം.ആര്‍. ചിത്രയോടാണ് സ്‌കൂളിലെ ഏതാനും കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. അതേസമയം അധ്യാപകര്‍ക്കെതിരായ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ഇതോടെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളിലെ ആദിവാസി കുട്ടികള്‍ തങ്ങളെ അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്നും മാധ്യമങ്ങളിൽ വർത്തവന്നിട്ട് ഒരാഴ്ചയായി എങ്കിലും കേരളത്തിലെ ദളിത്-ആദിവാസി ആക്ട്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ നിശ്ശബ്ദരായിരുന്നു.
ചിലര്‍ പറയുന്നു വാര്‍ത്തക്ക് സുതാര്യത ഇല്ലെന്നാണ്. നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ തങ്ങള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനം വിളിച്ചു പറയുമ്പോള്‍ എന്ത് സുതാര്യതയാണ് നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്. എത്രയോ കുട്ടികള്‍ അവിടെ അധ്യാപകരുടെ പീഡനം മൂലം പഠനം നിര്‍ത്തി.
അധ്യാപകരുടേയും ഹോസ്റ്റല്‍ ജീവനക്കാരുടേയും അനാസ്ഥമൂലം 3 കുട്ടികള്‍ മരിച്ചു. ഒരു കുട്ടി അരക്ക് താഴെ തളര്‍ന്നു വീല്‍ ചെയറിലാണ്.ഒരു സമൂഹത്തി്‌ന്റെ ഉന്നമനത്തിനു വേണ്ടി അവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സ്‌കൂളിലും ഹോസ്റ്റലിലുമാണ് ഈ കാര്യങ്ങള്‍ നടക്കുന്നത്. ആദിവാസി കുട്ടികള്‍ ഇങ്ങനെയൊക്കെ നരകിച്ചു ജീവിക്കേണ്ടവരാണ് എന്ന് തോന്നുന്നത് കൊണ്ടാണോ ഇവിടുത്തെ പൊതു സമൂഹം ഒരാഴ്ചയായി മിണ്ടാതിരിക്കുന്നത്?
നിലമ്പൂരിന് സമീപമുള്ള ആദിവാസി കോളനികളിലെ 504 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഒന്ന് മുതല്‍ 12ആം ക്ലാസുവരെയാണ് ഇവിടെ ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണുള്ളത്.