ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണരേഖയില്‍ കനത്ത ജാഗ്രത. ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി എസ് എഫും സൈന്യവും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി ഇന്ത്യന്‍ വക്താക്കള്‍ അറിയിച്ചു.
നിയന്ത്രണ രേഖക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താത്കാലിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏത് സമയവും അതിര്‍ത്തി കടന്നുള്ള ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തെ സാധാരണക്കാര്‍ കഴിയുന്നത്. നിയന്ത്രണ രേഖയിലെ ജനവാസ കേന്ദ്രമായ രജൗറി പൂഞ്ച് ജില്ലകള്‍ക്കേര്‍പ്പെടുത്തിയ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമാക്കിയാണ് പാക് സൈന്യം മിസൈലുകളും വെടിവെപ്പുകളും നടത്തുന്നതെന്ന് ആരോപണമുണ്ട്. ഗ്രാമീണര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണവും മറ്റും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യയുടെ ഷെല്ലാക്രമണം നടക്കുന്നത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ആക്രമണ ഭീതി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ നിന്നും നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ജനങ്ങള്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞുപോകുകയാണ്. ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് ഇവര്‍ മാറിത്താമസിച്ചു തുടങ്ങിയെന്ന് തദ്ദേശിയരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സൈന്യത്തിന് നേരെ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യം പരിശോധനയും തിരച്ചിലും വ്യാപകമാക്കിയിട്ടുണ്ട്.സംശയം തോന്നുന്ന സാഹചര്യത്തില്‍ നിരവധി പേരെ പിടികൂടാനും നിര്‍ദേശമുണ്ട്. വിമാനത്താവളങ്ങള്‍ക്ക് സമീപവും പ്രധാന നഗരങ്ങളിലും റോഡുകളിലും സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനിലെ ബാലാകോട്ടിൽ ജെയ‌്ഷെ ഭീകരതാവളം ഇന്ത്യ തകർത്തതിനു പിന്നാലെ അതിർത്തിയിലുണ്ടായ സംഘർഷത്തിന‌് ശമനമില്ല. വെടി നിർത്തൽ കരാർ ലംഘിച്ച‌് പാകിസ്ഥാൻ കശ‌്മീർ അതിർത്തിയിലെ ഇന്ത്യൻ സൈനികപോസ‌്റ്റുകൾ തുടർച്ചയായി ആക്രമിച്ചു.
പ്രത്യാക്രമണത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ‌്–-16 വിമാനം ഇന്ത്യ വെടിവച്ചുവീഴ‌്ത്തി. വ്യോമസേനാ വിങ‌് കമാൻഡർ തമിഴ്‌നാട് സ്വദേശി അഭിനന്ദൻ വർധമാൻ പാകിസ്ഥാന്റെ പിടിയിലായി. ഇതിനിടെ മധ്യകശ‌്മീരിലെ ബദ‌്ഗാമിൽ വ്യോമസേനയുടെ എം17 ഹെലികോപ‌്റ്റർ തകർന്നുവീണ‌് രണ്ട‌് പൈലറ്റുമാരടക്കം ഏഴുപേർ മരിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
ബാലാകോട്ട‌് ഭീകരകേന്ദ്രം വ്യോമസേന തകർത്തതിനു പിന്നാലെയാണ‌് ബുധനാഴ‌്ച രാവിലെ പാക‌് പോർവിമാനങ്ങൾ ജമ്മു -കശ‌്മീരിലെ പൂഞ്ചിലും നൗഷേറയിലും ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചത‌്. പാക‌് വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ‌് വ്യോമസേന പ്രതിരോധിച്ചു. ഒരു എഫ‌്–-16 വിമാനം വെടിവച്ചുവീഴ‌്ത്തിയതോടെ പാകിസ്ഥാന്റെ മറ്റു വിമാനങ്ങൾ പിന്തിരിഞ്ഞു. ഈ യുദ്ധവിമാനങ്ങളെ നേരിടുന്നതിനിടെയാണ‌് അഭിനന്ദനെ കാണാതായതെന്ന‌് വിദേശമന്ത്രാലയ വക്താവ‌് രവീഷ‌്കുമാർ പറഞ്ഞു.
വ്യോമസേനയുടെ മിഗ‌് 21 ബൈസൺ വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദൻ. അഭിനന്ദന്റെ വീഡിയോ ദൃശ്യം പാകിസ്ഥാൻ പുറത്തുവിട്ടു. അഭിനന്ദൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന‌് പാകിസ്ഥാൻ അവകാശപ്പെടുന്നതായും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും രവീഷ‌്കുമാർ പറഞ്ഞു. അഭിനന്ദന‌് സൈനിക മര്യാദപ്രകാരമുള്ള പരിഗണന നൽകുന്നുണ്ടെന്ന‌് പാക‌് സൈനികവക്താവ‌് മേജർ ജനറൽ ആസിഫ‌് ഗഫൂർ പറഞ്ഞു. ഇന്ത്യയുടെ രണ്ട‌് യുദ്ധവിമാനം വെടിവച്ചിട്ടതായും ആസിഫ‌് ഗഫൂർ അവകാശപ്പെട്ടു. വിങ‌് കമാൻഡർ അഭിനന്ദൻ മുൻ എയർമാർഷൽ സിമ്മക്കുട്ടി വർധമാന്റെ മകനാണ‌്. പാകിസ്ഥാൻ ആക‌്ടിങ്ങ‌് ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ഇന്ത്യ അഭിനന്ദനെ ഉടൻ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ ഇനിയും നടപടി സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷ‌്മാ സ്വരാജ് പറഞ്ഞു. ചൈനയിൽ ത്രിരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ കടുത്ത നിലപാട് ആവർത്തിച്ചത്.
വിദേശമന്ത്രി സുഷ‌്മ സ്വരാജുമായും പാകിസ്ഥാൻ വിദേശമന്ത്രി ഷാ മെഹ‌്ബൂബ‌് ഖുറേഷിയുമായും സംസാരിച്ചെന്നും കൂടുതൽ സംഘർഷം ഒഴിവാക്കണമെന്ന നിർദേശം വച്ചെന്നും അമേരിക്കൻ വിദേശസെക്രട്ടറി മൈക്ക‌് പോംപിയോ പറഞ്ഞു. ഭീകരതയുടെയും തീവ്രവാദത്തിന്റെയും താവളങ്ങൾ തുടച്ചുനീക്കാൻ ഒന്നിച്ചുനീങ്ങാൻ ഇന്ത്യ, ചൈന, റഷ്യ വിദേശമന്ത്രിമാരുടെ ഉച്ചകോടി തീരുമാനിച്ചു.
പാകിസ്ഥാനിലെ വ്യോമാക്രമണത്തിനുശേഷം പൊതുപരിപാടികളിൽ സജീവമായി പങ്കെടുത്ത മോഡി ഇന്ത്യൻ പൈലറ്റ‌് അഭിനന്ദനെ കാണാനില്ലെന്ന വാർത്ത സ്ഥിരീകരിച്ചതോടെ പ്രതികരണത്തിനുപോലും തയ്യാറായില്ല.
പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങളായ ഇസ്ലാമാബാദ‌്, ലാഹോർ, കറാച്ചി എന്നിവ അടച്ചിട്ടു. വിമാനത്താവളങ്ങളിൽ ‘റെഡ‌് അലർട്ട‌്’ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുന്നതിൽ നിന്നും മുഴുവൻ വിമാനങ്ങളെയും വിലക്കി സിവിൽ ഏവിയേഷൻ അതോറിറ്റി ഉത്തരവിറക്കി. വ്യാഴാഴ‌്ച അർധരാത്രി വരെ വിലക്ക‌് തുടരുമെന്ന‌് ‘ഡോൺ’ പത്രം റിപ്പോർട്ട‌് ചെയ‌്തു.
ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ‌്, സിയാൽക്കോട്ട‌്, ഇസ്ലാമബാദ‌് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകളും ബുധനാഴ‌്ച റദ്ദാക്കി. ഒരു വിമാനവും 32,000 അടിക്ക‌് താഴെ പറക്കരുതെന്ന കർശന നിർദേശവും പാകിസ്ഥാൻ എയർട്രാഫിക് കൺട്രോൾ പുറപ്പെടുവിച്ചു.
ഇന്ത്യ–- പാക‌് ചർച്ചയ്ക്ക‌് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന‌് റഷ്യ അറിയിച്ചു. തീവ്രവാദത്തിനെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യയും പാകിസ്ഥാനുമൊത്ത‌് സഹകരിച്ച‌് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ട‌്. ഇരുരാജ്യങ്ങളും നിയന്ത്രണരേഖ ലംഘിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചു.