Sun. Nov 22nd, 2026

നമ്പി നാരായണന് ചാരക്കേസില്‍ നഷ്ടപരിഹാരം ലഭിച്ചതും രാജ്യത്തെ ഉന്നത പുരസ്കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ചതും ബ്രാഹ്മണനായതിനാലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് നമ്പി നാരായണന് നഷ്ടപരിഹാരവും പത്മശ്രീയും നല്‍കിയതെന്നാണ് ഫിറോസ് പറഞ്ഞത്.

ദലിത് പിന്നാക്ക വിഭാഗത്തിലെ നിരവധി പേര്‍ കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നമ്പി നാരായണന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ബിജെപി സഹയാത്രികനും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാര്‍ നമ്പിനാരായണന് പത്മശ്രീ നല്‍കിയതില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പുരസ്‌കാരം കിട്ടേണ്ട സംഭാവന ഐ.എസ്.ആര്‍.ഒ. ശാസത്രജ്ഞനായിരുന്ന നമ്പിനാരായണന്‍ നല്‍കിയിട്ടുണ്ടോയെന്നായിരുന്നു ശബരിമല കര്‍മസമിതി ദേശീയ ഉപാധ്യക്ഷന്‍കൂടിയായ സെന്‍കുമാറിന്റെ ചോദ്യം.

താന്‍ കൊടുത്തിരിക്കുന്ന കേസില്‍ പ്രതിയായ സെന്‍കുമാറിന്റെ വെപ്രാളമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നതെന്ന് ഇതിന് നമ്പിനാരായണന്‍ തിരിച്ചടിച്ചു. പിന്നാലെ സെന്‍കുമാറിനെതിരേ മുഖ്യമന്ത്രിക്കു മുന്നില്‍ പരാതിയെത്തുകയും ചെയ്തതിനെ തുടര്‍ന്ന് നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിരുന്നു.