പോലീസിന്റെ സുരക്ഷയില്‍ കഴിയുമ്പോഴും ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംഘപരിവാർ വധഭീഷണി. കൊല്ലണമെന്ന ആഹ്വാനത്തോടെ സമൂഹമാധ്യമങ്ങളില്‍ ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ ഭീഷണി. ഇനിയും പോകാൻ മറ്റു സ്ത്രീകൾ സന്നദ്ധരാകാതിരിക്കാൻ ഇവരെ വകവരുത്തണമെന്നാണ് പ്രചാരണം. അതുകൊണ്ടുതന്നെ കനകദുർഗ്ഗയ്ക്ക് എതിരെ നടന്ന ആക്രമണങ്ങളെ കേവലം കുടുംബ വഴക്കായി ലഘൂകരിക്കത്തക്കതല്ല.
ഭർത്താവ് പോലീസ് സംസാരിക്കുമ്പോൾ വീട്ടിൽ കയറ്റാൻ സന്നദ്ധനാകുമ്പോഴും ആങ്ങളായാണ് സമ്മതിക്കാത്തത്. ഹിന്ദുസമൂഹത്തോട്മാപ്പ് പറയാതെ സ്വന്തം വീട്ടിലും കെട്ടിച്ചുവിട്ട വീട്ടിലും കയറ്റില്ലെന്നാണ് ആങ്ങളയുടെ നിലപാട്. ഭർത്താവ് കൃഷ്ണൻ ഉണ്ണിക്ക് കൃത്യമായ നിലപാടൊന്നുമില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അദ്ദേഹം പോലീസിനോട് വീട്ടിൽ കയറ്റാമെന്നും ആങ്ങളയോട് സംസാരിക്കുമ്പോൾ കയറ്റില്ലെന്നുമാണ് പറഞ്ഞുകൊണ്ടിരുന്നത്.
സഹോദരന് ഈ വിഷയത്തിലുള്ളത് മറ്റുചില വ്യക്തി താത്പര്യങ്ങൾ ആണെന്നും നേരത്തെമുതൽ അതിന്റെപേരിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇപ്പോൾ സംഘപരിവാർ സപ്പോർട്ട് കൂടികിട്ടിയപ്പോൾ ഹിന്ദുക്കൾക്കെതിരായ പ്രശ്നമായി ചിത്രീകരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. അവരുടെ കുടുംബകാര്യത്തെയും സ്വത്ത് തർക്കത്തെയുമെല്ലാം ഉപയോഗപ്പെടുത്തി നാണംകെട്ട ആചാരസംരക്ഷണ നാടകമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
എന്നാൽ താൻ ആരോടും മാപ്പ് പറയില്ലെന്നും നിയമ നടപടിയുമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കനക ദുർഗ്ഗ വ്യക്തമാക്കി. തടവിന് തുല്യമായ അവസ്ഥയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കഴിയുന്ന കനകദുര്‍ഗയുടേത്. ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. സന്ദര്‍ശകരെയും അനുവദിക്കുന്നില്ല, ഫോണ്‍ ചെയ്യാനും നിയന്ത്രണങ്ങളുണ്ട്.
ഭീഷണികളുടെ നടുവിലാണ് ബിന്ദു അമ്മിണിയും. സമൂഹമാധ്യമങ്ങളില്‍ ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് സംഘപരിവാര്‍ മരണവാറണ്ട് ഇറക്കിയ കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത പോലീസും തള്ളിക്കളയുന്നില്ല.
സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പോലീസടക്കം മൂന്ന് പോലീസുകാരെയാണ് ബിന്ദുവിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഈ പൊലീസുകാര്‍ ബിന്ദുവിന് അകമ്പടി സേവിക്കുന്നുണ്ട്.