Fri. Nov 20th, 2026

മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും റിബലിസ്റ്റിക്കും എക്സ്പിരിമെന്‍റലുമായ സംവിധായകനും തിരക്കഥാകൃത്തും കഥാകൃത്തുമായ പദ്മരാജന്‍റെ ഓര്‍മ്മയ്ക്ക് ഇന്ന് വയസ്സ് ഇരുപത്തെട്ടാകുന്നു.1991 ജനുവരിയിൽ നാൽപ്പത്തിയാറാം വയസ്സിൽ അവസാനിച്ച ആ അതുല്ല്യ ജീവിതം ഒഴിച്ചിട്ട സ്ഥാനം, ഇന്നും മലയാള സാഹിത്യത്തിലും സിനിമയിലും നികത്താനാകാത്ത വിടവാണ്‌. മലയാളി അതുവാരെ കാണാത്ത തലങ്ങളിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തിയ അനുഗൃഹീത കലാകാരനായിരുന്നു പദ്മരാജന്‍. പ്രണയം, കാല്‍പ്പനികത, രതി, പ്രതികാരം, മനുഷ്യ ഭാവങ്ങളുടെ തീവ്ര തലങ്ങള്‍, തൊട്ടതിലെല്ലാം വിവാദവും പൊട്ടിത്തെറിയും- പദ്മരാജന്‍റെ കൈയ്യൊപ്പുകളായിരുന്നു ഇവ.

ഭരതനും പദ്മരാജനും ചേര്‍ന്ന് വെട്ടിത്തെളിച്ച വഴി, കച്ചവട സിനിമകളിലൂടെ കാടു കയറാതെ മലയാള സിനിമയെ മധ്യവര്‍ത്തി സിനിമയുടെ പാതയിലേക്കാണ്എത്തിച്ചത്. കഥാപാത്ര സൃഷ്ടിയും ഭാഷയും ഭാവനയിലും കാലത്തേക്കാൾ മുന്നേ നടന്ന പദ്മരാജനെ ഗുരുസ്ഥാനത്തു കാണുന്നവര്‍ ഏറെയാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായ തീമുകളും സന്ദേശങ്ങളും, എന്തിന് വാചകങ്ങള്‍ പോലും പദ്മരാജന്‍റേതാണ്.

പ്രയാണത്തില്‍ തുടങ്ങി ഞാൻ ഗന്ധര്‍വനില്‍ അവസാനിച്ച 36 സിനിമകളും നോവലുകളും ചെറുകഥകളുമാണ് പദ്മരാജന്‍ മലയാളത്തിന് നല്‍കിയത്. എന്നാല്‍ അതിലും എത്രയോ സജീവമാണ് അവയിലൂടെ പദ്മരാജന്‍ നമുക്ക് തന്ന കഥാപാത്രങ്ങള്‍.

1971-ൽ എഴുതിയ, “നക്ഷത്രങ്ങളെ കാവൽ” കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരത്തിനർഹമായി. വാടകക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, രതിനിർവ്വേദം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു. പത്മരാജന്റെ “ലോല” എന്ന മനോഹരമായ കഥ മലയാളം കണ്ട ഏറ്റവും മികച്ച പ്രണയകഥയായി വിലയിരുത്തപ്പെടുന്നു.

979- ൽ പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തോടെ സംവിധായകനായ പത്മരാജൻ, സ്വന്തം കഥകളെ ആധാരമാക്കി സൃഷ്ടിച്ച സിനിമകളാണ് ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ട്ടം, തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, അപരൻ, മൂന്നാംപക്കം, സീസൺ, കൂടെവിടെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഇന്നലെ, കരിയിലക്കാറ്റുപോലെ, ഞാൻ ഗന്ധർവ്വൻ തുടങ്ങിയവ. പതിനഞ്ചോളം നോവലുകളും, മുപ്പതോളം തിരക്കഥകളും എഴുതി.

രാപ്പാടികളുടെ ഗാഥ(1978), പെരുവഴിയമ്പലം(1979), കാണാമറയത്ത്‌ (1984), അപരൻ (1988) എന്നിവ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിനുശേഷം രചിച്ചതായിരുന്നു.

അദ്ദേഹമൊരുക്കിയ സർഗ്ഗാത്മകതയുടെ അപൂർവ ലോകങ്ങൾ ഇന്നും നമുക്ക് വിസ്മയമാണ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ, കള്ളൻ പവിത്രനിലെ കള്ളൻ പവിത്രനെ പോലെ, നമുക്ക് പാർക്കാൻ മുന്തി രിതോപ്പുകളിലെ സോളമനെപ്പോലെ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയെയുംപ്പോലെ, രക്തവും, ജീവനും വികാരവിചാരങ്ങളും ഉള്ള കഥാപാത്രങ്ങൾ കാലാനുവർത്തിയായി പ്രേക്ഷകമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, ഇന്നലെ തുടങ്ങിയ സിനിമകൾ 27 വർഷങ്ങൾക്കു ശേഷവും, ചർച്ചചെയ്യപ്പെടുന്നു എന്നത് പത്മരാജൻ എന്ന പ്രതിഭയുടെ കാലാതീതമായ വിജയമാണ്.