Mon. Nov 23rd, 2026

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.‌ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പിയിൽ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. എസ്.എൻ.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തിൽ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തനിക്കെതിരെ ബി.ജെ.പി പ്രവർത്തകർ സോഷ്യൽ മീഡിയയിലടക്കം വലിയതോതിൽ ആക്രമണം നടത്തുകയാണ്. തികച്ചും വകതിരിവില്ലാത്ത നടപടിയാണിത്. ഇതിനൊക്കെ ബി.ജെ.പി അനുഭവിക്കും. ഇങ്ങനെയാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല. പണപ്പിരുവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിയിൽ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നിലപാടല്ല അല്ല ബി.ഡി.ജെ.എസിനുള്ളത്. ബി.ജെ.പിയും ബി.ഡി.ജെ.എസും ഒന്നാണെങ്കിൽ പിന്നെ രണ്ട് പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടോ. രണ്ട് പാർട്ടിയായി നിൽക്കുമ്പോഴും യോജിക്കാവുന്ന മേഖലയിൽ യോജിച്ച് പ്രവർത്തിക്കുന്നു എന്നുമാത്രമേയുള്ളൂ. വനിതാ മതിലിൽ തന്റെ ഭാര്യയും മകൻ തുഷാറിന്റെ ഭാര്യയുമടക്കം പങ്കെടുക്കും. ഇന്ത്യയിൽ എൻ.ഡി.എ സംവിധാനമുണ്ട്. കേരളത്തിൽ എൻ.ഡി.എ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി വൻ വിജയമാണെന്ന് പറയുന്നില്ല. എന്നാൽ,​ അത് പരാജയവുമായിരുന്നില്ല. അവർക്ക് ഇത്രയും സാധിച്ചത് തന്നെ വലിയ കാര്യമാണ്. വനിതാമതിൽ മഹാത്ഭുതമായി മാറും. യോഗം ആഹ്വാനം ചെയ്തതു കൊണ്ട് എല്ലാ ഈഴവരും ഈ പരിപാടിക്ക് വരുമെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ,​ എസ്.എൻ.ഡി.പിയിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവരുണ്ട്. അവരെല്ലാവരും വനിതാമതിലിൽ അണിനിരക്കും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തതിൽ ബി.ജെ.പിയുടെ അതൃപ്തി കാര്യമാക്കുന്നില്ല. അവർക്ക് ഒരു ചുക്കും ചെയ്യാനാകില്ല. യോഗം എല്ലാ പാർട്ടികളോടും യുദ്ധം ചെയ്തിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന്റെ പേരിൽ സി.പി.എമ്മിനോട് ഏറ്റുമുട്ടിയിട്ടുണ്ട്. എന്നെ ജയിലിലാക്കാൻ യു.ഡി.എഫ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ബി.ജെ.പി കാണിച്ചതു പോലെ ഒരു പാർട്ടിയും കാണിച്ചിട്ടില്ല.