Mon. Nov 23rd, 2026

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിലെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയിൽ നിന്ന് വിട്ടുനിന്നത് വിവാദത്തിൽ. നിർണായക സമയത്ത് സഭയിൽ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയത് പാർട്ടിക്കുള്ളിലും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതെ മാറിനിന്നതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

കഴിഞ്ഞ ദിവസം നാലുമണിക്കൂർ നീണ്ട ചർച്ചകൾക്കു ശേഷം 11നെതിരെ 245 വോട്ടുകൾക്കാണ് മുത്തലാഖ് ബിൽ പാസായത്. ബില്ലിൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനെ എതിർത്ത കോൺഗ്രസ്, എ.ഡി.എം.കെ, സമാജ്‌വാദി പാർട്ടികൾ വാക്കൗട്ട് നടത്തി. എന്നാൽ സഭയിലുണ്ടായിരുന്ന മുസ്‌ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്‌തു. ഈ സമയത്തെല്ലാം തിരൂരിലെ കല്യാണ വീട്ടിലായിരുന്നു കുഞ്ഞാലിക്കുട്ടി. കല്യാണ ചടങ്ങിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മുത്തലാഖിനെതിരെ മുസ്‌ലിം ലീഗ് നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനിടെ പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ സഭയിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ പോലും മുസ്‌ലിം ലീഗ് നേതാക്കന്മാർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, കുഞ്ഞാലിക്കുട്ടി കാട്ടിയത് കടുത്ത അപരാധമാണെന്ന് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു. മുസ്‌ലിം സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് മുസ്‌ലിം ലീഗ് എപ്പോഴും പറയുന്നത്. എന്നാൽ നിർണായക ബില്ലിന്റെ ചർച്ചയിലും വോട്ടെടുപ്പിലും അദ്ദേഹം പങ്കെടുക്കാത്തത് സമുദായത്തോടും കേരളീയ സമൂഹത്തോടും കാണിച്ച വഞ്ചനയാണ്. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുസ്‌ലിം ലീഗും ബി.ജെ.പിയും നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതെന്ന് ഐ.എൻ.എൽ നേതാവ് എൻ.കെ.അബ്‌ദുൽ അസീസ് ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.