Mon. Nov 23rd, 2026

ആർത്തവലഹളയോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങള്‍ സംബന്ധിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനു വീണ്ടും ജാമ്യം. രണ്ടു മാസം പമ്പയിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ‌ു രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതു ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം റാന്നി  ജെ എഫ് എം സി ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നായിരുന്നു പാലക്കാട് വച്ച് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിലായത്. പാലക്കാട് നടന്ന ഹിന്ദുമഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പോലീസ് നടപടി.

തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് തന്ത്രി കുടുംബാംഗം പുറത്താക്കിയ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും രാഹുലിനെതിരെ ചുമത്തിയിരുന്നു. സന്നിധാനത്ത് വച്ച് അറസ്റ്റിലായ രാഹുലിനെ പിന്നീട് രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ ജാമ്യം നൽകുകയായിരുന്നു. പാലക്കാട്ടുനിന്നും അറസ്റ്റിലായ രാഹുലിനെ പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.