ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്‌ത നാടക-സിനിമാ അഭിനേതാവ് കെ എല്‍ ആന്റണിയുടെ സംസ്കാരം നാളെ . 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
ആലപ്പുഴ പൂച്ചാക്കല്‍ ഉളവൈപ്പ്, കോയിപ്പറമ്പില്‍ വീട്ടിലെ ആന്റണി എന്ന ചാച്ചൻ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപവത്കരിച്ചിച്ച് നാടകങ്ങള്‍ എഴുതിയും അഭിനയിച്ചും ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
ഒരായുസ്സ് നാടകത്തിനായി സമര്‍പ്പിച്ച കെ എല്‍ ആന്റണി, ലീന ആന്റണി എന്ന കലാകാരദമ്പതികളുടെ മധുര പ്രതികാരം കൂടിയാണ് ‘മഹേഷിന്റെ പ്രതികാരം’. (ഫഹദ് ഫാസില്‍) ചാച്ചനെന്ന അഛനായി ആന്റണിയും ചിത്രത്തിലെ രണ്ടാം നായികയായ അപര്‍ണയുടെയും വില്ലന്റെയും അമ്മയായി ലീനയും അഭിനയത്തിന്റെ വ്യത്യസ്ത പാഠങ്ങളാണ് ചിത്രത്തിലൂടെ കാഴ്ചവെയ്ക്കുന്നത്.അഭിനയമില്ലതെ ചാച്ചനായി ജീവിച്ചുകൊണ്ടാണ് ചാച്ചന്‍ നമ്മുടെ മനസ്സില്‍ കൂടുകെട്ടുന്നതെങ്കില്‍ ജീവിതത്തിന്റെ നഗ്‌നമായ ഏടുകളാണ് ലീന അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ ദരിദ്രമുഖവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമൊക്കെ ജീവിതം പോലെ തന്നെ ഇതില്‍ അനുഭവിച്ചറിയാനാകുന്നു.
മകനും തിരക്കഥാകൃത്തുമായ ലാസര്‍ ഷൈനുമായും ഈ കുടുംബവുമായും ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈനെ പോലെ ഷൈന്റെ സുഹൃത്തുക്കളും ചാച്ചന്‍ എന്ന് വിളിക്കുന്ന ആന്റണിയെയും അമ്മച്ചിയെന്ന് വിളിക്കുന്ന ലീനയെയും ഈ വേഷങ്ങളിലേക്ക് തെരഞ്ഞെടുക്കാന്‍ ഷൈൻറെ സുഹൃത്തായ ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തനും നിര്‍മ്മാതാവ് ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനുമെല്ലാം തയ്യാറായത്. ആന്റണിയുടെ കഥാപാത്രത്തിന് ചാച്ചന്‍ എന്ന പേര് നിശ്ചയിച്ചതുപോലും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇവരുടെ കണ്ടെത്തല്‍ അസ്ഥാനത്തായില്ല, എന്നുമാത്രമല്ല അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം തന്നെയാണ് ചാച്ചൻ പുറത്തെടുത്തത്.
ചിത്രത്തില്‍ ലീന ആന്റണി അവതരിപ്പിച്ച അമ്മ കഥാപാത്രവും. സാധാരണക്കാരന്റെ പരുക്കന്‍ ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നാം ഏറെ കണ്ടുപരിചയിച്ച നാടന്‍ അമ്മ തന്നെയായിരുന്നു ആ അമ്മ വേഷത്തോട് ലയിച്ചു നില്‍ക്കുന്ന അഭിനയമാണ് മികവുറ്റ നാടകാഭിനേത്രിയായ ലീനയും കാഴ്ചവച്ചത്.
ഫോര്‍ട്ട് കൊച്ചിയിലാണ് ജനനം. ഒരു കാലത്ത് നാടക പുസ്തകങ്ങള്‍ കൊണ്ട് നടന്ന് വില്പന നടത്തിയിരുന്നു. ചവിട്ടുനാടങ്ങളിലൂടെയാണ് ഇദ്ദേഹം നാടക രംഗത്തേക്ക് കടക്കുന്നത്. കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമെഴുതുന്ന നാടക രചയിതാവായിട്ടാണ് പി ജെ ആന്‍റണിയുടെ സംഘത്തിലേക്ക് കെ എല്‍ ആൻറണി കടന്നുവരുന്നത്. പിന്നീട് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിക്ക് നേതൃത്വം നല്‍കി.
അടിയന്തരാവസ്ഥാ കാലത്ത് രാജന്‍ സംഭവത്തെ അടിസ്ഥാനമാക്കി കെ എല്‍ ആന്‍റണി എഴുതിയ ‘ഇരുട്ടറ’ എന്ന നാടകം വിവാദമായിരുന്നു. നാടക പുസ്തകങ്ങള്‍ മറ്റ് പ്രസാധകര്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്വന്തമായി നാടക ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച ഇദ്ദേഹം, പുസ്തകങ്ങള്‍ കൊണ്ടു നടന്ന് വിറ്റിരുന്നു.
കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങള്‍ കെ എല്‍ ആൻറണി എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചവയാണ്.
നാടക നടിയായ ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ ഷൈന്‍, നാന്‍സി.മരുമക്കൾ ബിനോയി ജോർജ്, അഡ്വ. മായ കൃഷ്ണൻ,വിജി. സംസ്കാരം നാളെ രാവിലെ 10 ന് ഉളവെയ്പ്പ് സെൻറ് മാർട്ടിൻ ഡി. പോറസ് ചർച്ച്.

കെ എല്‍ ആന്‍റണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്‌ത നാടക-സിനിമാ നടൻ കെഎൽ ആൻറണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അരനൂറ്റാണ്ടിലേറെ നാടകരംഗത്ത് പ്രതിബദ്ധതയോടെ പ്രവർത്തിച്ച ആൻറണി അടുത്ത കാലത്താണ് സിനിമയിൽ സജീവമായത്. അദ്ദേഹം ചെയ്‌ത വേഷങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. നാടകങ്ങൾ എഴുതിയും അഭിനയിച്ചും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ആൻറണി നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് മുഖ്യമന്ത്രിഅനുശോചന സന്ദേശത്തിൽ പറഞ്ഞു