Sat. Nov 21st, 2026

ജാതിയുടെ പേരില്‍ സ്ഥാനം നേടിയ ജാതിയുടെ ആളായ ചെന്നിത്തല വനിതാ മതിലിനെ ജാതിമതിലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു എന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി സമുദായ നേതാക്കളെ വിളിക്കുമ്പോള്‍ അതിനെ ജാതീയമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ നിര്‍മിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹ പദ്ധതിയുടെ ശിലാസ്ഥാപനം വാളത്തുംഗലില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മതിലിനെ ജാതിമതിലെന്ന് വിളിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് യാതൊരു അര്‍ഹതയുമില്ല. ചെന്നിത്തല ജാതിയുടെ ആളായതുകൊണ്ടാണ് വനിതാ മതിലിനെ ജാതിമതിലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. ജാതിയുടെ പേരില്‍ സ്ഥാനം നേടിയ ആളാണ് അദ്ദേഹം. ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം വേണമെന്ന് പറഞ്ഞ് സ്ഥാനംവാങ്ങി ചെന്നിത്തലയ്ക്ക് നല്‍കിയത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. ജാതിയില്ലാത്തതു കൊണ്ടാണോ മുനീറിന്റെ പാര്‍ടിയുടെ പേരിനു മുന്നില്‍ മുസ്ലിം എന്നുള്ളത്.

വനിതാ മതിലുമായി ബന്ധപ്പെട്ട യോഗത്തിനു തന്നെ വിളിച്ചത് പിണറായിയല്ല, പൊതുഭരണ വകുപ്പാണ്. ഗുരു നേതൃത്വം നല്‍കിയ നവോത്ഥാനത്തിന്റെ പേരില്‍ വിളിച്ച യോഗത്തിന് പോകാതിരിക്കുന്നത് ശരിയല്ല. തിരുവിതാംകൂറിലാണ് നവോത്ഥാന സമരങ്ങള്‍ മുഴുവനും നടന്നത്. മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ കൈയിലായിരുന്നതിനാലാണ് അവിടെ നവോത്ഥാനം നടക്കാതിരുന്നത്. ജനാധിപത്യത്തെ കഴുത്തറുത്ത സംഭവമായിരുന്നു ഇ എം എസ് മന്ത്രിസഭയുടെ പിരിച്ചുവിടല്‍. അതിനുശേഷം ഏക കക്ഷി ഭരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ ശങ്കര്‍ അധ്യക്ഷനായിരുന്നു.