Tue. Nov 24th, 2026

കവിയൂർ പീഡനക്കേസിൽ മുൻ നിലപാട് മാറ്റി സി.ബി.ഐ റിപ്പോർട്ട്. മരിച്ച പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനും കവിയൂർ ശ്രീ വല്ലഭക്ഷേത്രത്തിലെ മുൻ മേൽശാന്തി നാരായണൻ നമ്പൂതിരിയാണെന്ന് തെളിയിക്കാൻ തക്ക തെളിവുകളില്ലെന്നാണ് സി.ബി.ഐ റിപ്പോർട്ട്. കേസിൽ രാഷ്ട്രീയ ഇടപെടലുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇത് അച്ഛൻ ചെയ്‌തതാണെന്ന് ഉറപ്പിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ തുടരുന്നു. പെൺകുട്ടിയെ അച്ഛൻ രണ്ട് തവണ പീഡിപ്പിച്ചുവെന്ന തരത്തിൽ നേരത്തെ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടുകൾ തിരുവനന്തപുരം പ്രത്യേക സി.ബി.എെ കോടതി തള്ളിയിരുന്നു. ഇത് കേസിൽ സി.ബി.ഐ സമർപ്പിക്കുന്ന നാലാമത്തെ റിപ്പോർട്ടാണ്.

നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യചെയ്ത കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിൽ ആയതിനാൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന സി.ബി.എെ ആവശ്യം നേരത്തെ കോടതി തളളിയിരുന്നു.ഏക പ്രതിയായ ലതാ നായർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സി.ബി.എെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. നമ്പൂതിരിയുടെ മൂത്ത മകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ലതാ നായർ സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടിയെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കും സിനിമാക്കാർക്കും കാഴ്ചവച്ചു എന്നായിരുന്നു നാരായണൻ നമ്പൂതിരിയുടെ കുടുംബം ആരോപിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുടുംബം തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.എെയുടെ മൂന്ന് അന്വേഷണത്തിലും പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവായ നാരായണൻ നമ്പൂതിരിയാണെന്നാണ് കണ്ടെത്തിയത്. മൂന്ന് തവണയും കോടതി അന്വേഷണ റിപ്പോർട്ടുകൾ തളളി തുടരന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.

2004 സെപ്തംബർ 28 നാണ് കവിയൂരിലെ വാടക വീട്ടിൽ നാരായണൻ നമ്പൂതിരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മൂത്ത മകൾ , ഇളയ മകൾ അഖില മകൻ അക്ഷയ് എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടത്.