Sat. Nov 21st, 2026

നവോത്ഥാനമെന്നത് മാനവികതയുടെ പുന:സ്ഥാപനമാണ്. മനുഷ്യ തുല്യതയ്ക്കും രാഷ്ട്ര നന്മയ്ക്കും വിഘാതമായ ജാതി, മത പ്രാദേശിക, വംശീയ വാദങ്ങളെ നിരാകരിച്ച് ജ്ഞാനോദയത്തിലൂടെ സമത്വബോധം സ്ഥാപിക്കലാണ്.ഇന്ത്യയിൽ ഇങ്ങനൊന്നു നടന്നിട്ടില്ല, നടന്നത് പരിഷ്ക്കരണങ്ങൾ മാത്രമാണ്. ഇപ്പോഴാകട്ടെ മത പുനരുജ്ജീവന രാഷ്ട്രീയമാണ് അരങ്ങു തകർക്കുന്നത്. അതിനെ തിരായ സാംസ്ക്കാരിക മുന്നേറ്റമുണ്ടാകേണ്ടത് ജനാധിപത്യ, മതേതര, യുക്തിചിന്താ പ്രസ്ഥാനങ്ങളുടെ ഐക്യം സ്ഥാപിച്ചുകൊണ്ടാണെന്ന് കേരള യുക്തിവാദി സംഘംസംസ്ഥാന പ്രസിഡൻറ് അഡ്വ.കെഎൻ അനിൽകുമാർ.

ശബരിമല പ്രശ്നത്തിന്റെ മറവിൽ ഹൈന്ദവ ജാതി സംഘടനകളുടെ യോഗം കൂടി വനിതാ മതിൽ പണിയാനുള്ള സർക്കാർ നീക്കം ഇത്തരുണത്തിൽ അപഹാസ്യമാണ്. ജാതി സംഘടനകൾ ഉണ്ടാക്കാൻ പോകുന്നത് ജാതിമതിലായിരിക്കും. സവർണ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ അവർണ സംഘടനകളെ ഉപയോഗിക്കുന്നത് ഹൈന്ദവ ഫാസിസത്തെ നേരിടാൻ ഇസ്ലാമിക തീവ്രവാദത്തെ കൂട്ടുപിടിക്കുന്നതു പോലെ ആപൽക്കരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തെറിപ്പാട്ടിനെ നാമജപമെന്നും, അക്രമികളെ ഭക്തരെന്നും വിളിക്കുന്ന പോലെ അപഹാസ്യമാണ് ജാതി സംഘടനകളെക്കൊണ്ടുള്ള നവോത്ഥാന മതിലും. ഭരണഘടനാ മൂല്യത്തിന് വേണ്ടിയെടുത്ത നിലപാടുകളെയെല്ലാം അവഹേളിക്കുന്നതാണ് ഈ ജാതിമതിൽ.വനിത മതിലുപണിയുന്ന കമ്മിറ്റിയിൽ വനിതകളില്ലാത്തതുപോലെയാണ് ജാതിമതിലിലെ നവോത്ഥാനവും. മതനിരപേക്ഷതയും ജാതിവിരുദ്ധ മാനവികതയും വളർത്താൻ പ്രസ്തുത നിലപാടുള്ള യുവജന വനിതാ -സാംസ്ക്കാരിക സംഘടനകളും മതേതര എഴുത്തുകാരും ചിന്തകരും സ്ത്രീ സമത്വ വാദികളുമാണ് രംഗത്തു വരേണ്ടത്.

ഹൈന്ദവ ഫാസിസത്തിനെതിരെ ആഞ്ഞടിക്കുന്നവർ ഇസ്ലാം / ക്രൈസ്തവ തീ വ്രവാദങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിന്റെ മറ്റൊരു തെളിവാണ് ‘ കിത്താബി ‘ന്റെ നിരോധനം. ശബരിമലയിൽ’ അടിച്ചു കൊല്ലടാ അവളെ ‘ എന്ന് അലറിയ കാലത്തു തന്നെ ഇസ്ലാമബാദിൽ ആസിമബീബിയേയും അവരെ മോചിപ്പിച്ച ജഡ്ജിമാരെയും കൊല്ലാനൊരുങ്ങിയ ഇസ്ലാമിക തീവ്രവാദത്തിനു നേരെ കണ്ണടച്ചു.

11 ദിവസം ശവം വെച്ചു വിലപേശിയ ക്രൈസ്തവ നെറികേടിനെയും കണ്ടില്ലെന്നു നടിച്ചു. ശബരിമലയ്ക്കു പോകാനൊരുങ്ങിയ രഹ്ന യെ തുറുങ്കിലടച്ചവർ കിത്താബു നാടകത്തിനെതിരെ കലി തുള്ളിയവരെ പിന്തുണച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിനു കത്തിവെച്ചു. എന്നിട്ട് ഭരണഘടനാ തത്വങ്ങളെപ്പറ്റി വാചാലമാകുന്നു. ഒരേ ഭരണഘടനയല്ലേ ഇന്ത്യയിലെ ജനങ്ങൾക്കു ബാധകം?എന്ന് അദ്ദേഹം ചോദിച്ചു.