Fri. Mar 29th, 2024

READ IN ENGLISH: Agusta Westland Scam: Middleman Christian Michel extradited to India

ഏറെ കോളിളക്കമുണ്ടാക്കിയ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിൽ 225 കോടി രൂപ കോഴ വാങ്ങിയ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ യു. എ. ഇയിൽ നിന്ന് ഇന്ന് ഇന്ത്യയിൽ എത്തിക്കും. ഇന്നലെ രാത്രിയോടെ മിഷേലിനെ ദുബായ് വിമാനത്താവളത്തിൽ എത്തിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ബ്രിട്ടീഷ് പൗരനായ മിഷേലിനെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി യു.എ.ഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യു.എ.ഇ സന്ദർശന വേളയിലാണ് ഉത്തരവിറങ്ങിയത്.മിഷേലിനെ ഇന്നു തന്നെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ കൊണ്ടുവരാനായി ഇന്ത്യൻ ഉദ്യോഗസ്ഥർ ദുബായിൽ എത്തിയിട്ടുണ്ട്.

യു.പി.എ ഭരണകാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടി രൂപയ്ക്ക് 12 വി. വി. ഐ. പി ഹെലികോപ്ടറുകൾ വാങ്ങിയതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് വിവാദം ഉയർന്നതും കേസ് അന്വേഷണം തുടങ്ങിയതും.

ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ദുബായിൽ താമസിക്കുകയായിരുന്ന മിഷേലിനെ ( 54) വിട്ടുകിട്ടാൻ ഇന്ത്യ കഴിഞ്ഞ വർഷം യു. എ. ഇ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇന്റർപോളും നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള ദുബായിലെ കീഴ്‌ക്കോടതി വിധി കഴിഞ്ഞ മാസം 19ന് പരമോന്നത കോടതി ശരിവച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് പകരം വിദേശമന്ത്രാലയമാണ് കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാൽ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.