പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍മിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്നും റേഷനും രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 31000 കോടി രൂപ വേണം. 2683 കോടി 18 ലക്ഷം ആണ് ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത്. പുനര്‍മിര്‍മ്മാണത്തിന് ചുവപ്പുനാട ഒഴിവാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
വീടുകളുടെ പുനര്‍നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്‌ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. പാരിസ്ഥിത ദുര്‍ബല മേഖലകള്‍, കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂ. 14 ജില്ലകളുടെയും സമഗ്ര വികസനവും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പുനര്‍നിര്‍മ്മാണം എങ്ങനെ എന്നത് സംബന്ധിച്ചും സർക്കാരിന് വ്യക്‌തമായ കാഴ്‌ചപാടുണ്ട്. പുനര്‍നിര്‍മ്മാണം എന്നത് കാലവര്‍ഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുകയല്ല. പാരിസ്ഥിതികമായ സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാര്‍ഷിക സംസ്‌കൃതി സംരക്ഷിച്ചും കൊണ്ടുള്ള ഒരു കാഴ്ചപ്പാട് വികസിച്ചുവരേണ്ടതുണ്ട്.
അതിനായി ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ അറിവുകള്‍ സ്വീകരിക്കുമ്പോള്‍ അത് നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കൊപ്പിച്ച് രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്തവും ഏറ്റെടുക്കും. കേരള പുനര്‍നിര്‍മ്മാണ പദ്ധതി (Rebuild Kerala Initiative) എന്ന പേരിലാണ് അത് അറിയപ്പെടുക. ആസൂത്രണത്തിലും നിര്‍മ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊണ്ടുള്ളതാണ് അത്.മുഖ്യമന്ത്രി വ്യക്‌തമാക്കി.