READ IN ENGLISH: Arppo Arthavam: Campaign against menstrual taboos
ആര്‍ത്തവം അശുദ്ധമല്ലെന്ന് പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചിസ്ക്വയറില്‍ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചു. ആര്‍ത്തവമായതിനാല്‍ ചായ്പില്‍ താമസിക്കേണ്ടിവന്ന് ഗജ കൊടുങ്കാറ്റില്‍ ജീവന് നഷ്ടപ്പെട്ട വിജയലക്ഷ്മിയുടെ പേരിലായിരുന്നു വേദി.ആര്‍പ്പോ ആര്‍ത്തവത്തെ പിന്തുണച്ച് നിരവധിയാളുകൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്നു.
ജനുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ബ്ലീഡിങ് നോട്ട്സിന്റെ പ്രകാശനം സി എസ് ചന്ദ്രിക രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്കി പ്രകാശനം ചെയ്തു. കലാകക്ഷി തയ്യാറാക്കിയ ചിറകുകളുടെ രൂപത്തിലുള്ള കൊടി വി പി സുഹറ മൃദുലദേവി ശശിധരന് കൈമാറി. വൈകിട്ടോടെ കൊടിയേറ്റ് ചടങ്ങ് നടത്തി.
https://www.facebook.com/nishanth.perumana/videos/122712608736458/?t=3
സുനില്‍ പി ഇളയിടം, എം ജെ ശ്രീചിത്രന്, ഡോ. ടി കെ ആനന്ദി, ഡോ. കെ ജി പൗലോസ്, വി പി സുഹറ, രേഖ, പ്രിജിത്ത്, കമലാസദാനന്ദന്, മൃദുലദേവി ശശിധരന്, രഹനാ ഫാത്തിമ, ബിന്ദു തങ്കം കല്യാണി, അപര്‍ണ, ജോണ്സണ്, മഞ്ജു, സണ്ണി എം കപിക്കാട്, ഫൈസല്‍ ഫൈസു, സുജഭാരതി, സുല്‍ഫത്ത് എം, രഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

നാമജപപ്രതിഷേധത്തില്‍ അണിനിരന്ന സ്ത്രീകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും, അവര്‍ നിര്‍മ്മിക്കപ്പെട്ട ചരിത്രസാഹചര്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച എം ജെ ശ്രീചിത്രന്.പറഞ്ഞു.
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പ്രത്യക്ഷമായ രേഖീയ ആഖ്യാനമാണ് നാമജപപ്രതിഷേധക്കാരായ സ്ത്രീകള്‍. ശബരിമലയില്‍ സ്ത്രീകള്‍ കയറി തുടങ്ങുമ്പോള്‍ ആദ്യം കയറുന്ന സ്ത്രീ നാമപ്രതിഷേധക്കാരില് ഒരാളായിരിക്കും. ഇതിന് ചരിത്രം നിരവധി തെളിവുകള്‍ നല്‍കുന്നുണ്ട്. സതി നിര്‍ത്തലാക്കിയതിനെതിരെ തെരുവിലിറങ്ങിയവരുടെ പിന്മുറക്കാരായി നാമജപപ്രതിഷേധക്കാരായ സ്ത്രീകള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന ചരിത്രത്തില്‍ കാണാനാകുന്നത് സവര്‍ണനും കീഴാളനുമായ നായകന്മാരെയാണ്. പുരുഷകേന്ദ്രീകൃത സമൂഹം നിര്‍മിച്ച നവോത്ഥാന ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല. പുരുഷകേന്ദ്രീകൃത സമൂഹത്തിനുള്ളില്‍ നിന്ന് നവോത്ഥാനവും ഫെമിനിസവുമെല്ലാം നിര്‍വചിക്കുമ്പോള്‍ പുരുഷകേന്ദ്രീകൃത സ്വഭാവം ആ നിര്വചനങ്ങള്ക്കുണ്ടാവും. ചിലര്‍ അവരുടെ ഔദാര്യത്തിലാണ് നവോത്ഥാനം സൃഷ്ടിക്കപ്പെട്ടതെന്നാണ് പറയുന്നത്. നവോത്ഥാനം ആരുടെയും ഔദാര്യമല്ല. അത് പോരാടി നേടിയതാണ്.
ഉപനിഷത്ത്, ജാതകകഥകള്‍ എന്നിവ വായിക്കും പോലെ കേരള നവോത്ഥാനം വായിക്കരുത്. ഗൗരവമായി അതിനെ കാണണം. ആധുനികതയുടെ വിത്തുകള്‍ നവോത്ഥാനത്തിനുള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെമിനിസ്റ്റെന്നോ ആക്ടിവിസ്റ്റെന്നോ ടാഗ് തൂക്കിയാല്‍ അവരെ അന്യവത്കരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പ്രതിയോഗിയായി ചരിത്രം തിരസ്കരിച്ച രചനകളെയാണ് ഇത്തരക്കാര്‍ മുന്നില്വയ്ക്കുന്നതെന്നും ശ്രീചിത്രന് പറഞ്ഞു.
കോവിലനും സംഘവും അവതരിപ്പിച്ച തമിഴ്ഗാനം, ട്രാന്‍സ്ജെന്‍ഡറായ ആന്മരിയ അവതരിപ്പിച്ച മോഹിനിയാട്ടം, റാപ്പ് ഗാനം തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി. വൈകിട്ടോടെ വഞ്ചിസ്ക്വയറില്‍ നിന്ന് മേനകചുറ്റി പ്രതഷേധ ജാഥ സംഘടിപ്പിച്ചു. തുടര്‍ന്നാണ് ജനുവരിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവ പരിപാടിയുടെ കൊടിയേറ്റ് ചടങ്ങ് നടത്തിയത്. രാവിലെ പത്തിന് ആരംഭിച്ച പരിപാടി രാത്രി വരെ നീണ്ടു.
https://www.facebook.com/nishanth.perumana/videos/122647475409638/?t=3