Mon. Nov 23rd, 2026

മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അഴീക്കോട് മണ്ഡലത്തില്‍ വിജയിക്കാന്‍ വര്‍ഗീയ ലഘുലേഖ ഉപയോഗിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയിരുന്നു. ഇതിനെിരെ കെ.എം ഷാജി സുപ്രീം കോടതിയെ സമീപിക്കുകയും നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എം.എല്‍.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല.

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം പോരെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. രേഖാമൂലമുള്ള ഉത്തരവ് ആവശ്യമാണ്. ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കും. സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതോടെ 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാനാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് കെ.എം ഷാജിയുടെ ഹര്‍ജി പരിഗണിച്ചത്. പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കാതെ വാക്കാല്‍ ചില പരാമര്‍ശം മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല. കേസു സുപ്രീംകോടതിയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ തീര്‍പ്പാകും വരെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതിവിധി റദ്ദാക്കണമെന്നും കേസ് എത്രയും വേഗം പരിഗണിക്കണം എന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി എന്നായിരുന്നു ആക്ഷേപം. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്.

ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ അയോഗ്യനാക്കിയിട്ടുള്ളത്. ഉത്തരവ് വന്ന നിമിഷം മുതല്‍ ഷാജിയ്ക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യങ്ങളും ലഭ്യമാകില്ല. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്‌റ്റേയുടെ കാലാവധി അവസാനിക്കുകായുമായിരുന്നു.