Mon. Nov 23rd, 2026

ജാതി, മത, വർഗീയ ചിന്തകൾ ഉയർത്തി സമൂഹത്തെ പിന്നോട്ട‌് വലിക്കുന്ന സങ്കുചിത ചിന്താഗതികൾക്കെതിരെ ഭരണഘടനാ വിശ്വാസികൾ ഇന്ന് ഒത്തുചേരുന്നു. ശബരിമലയിൽ സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ വർഗ്ഗീയ ഫാസിറ്റുകളുടെ നേതൃത്വത്തിൽ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഭരണഘടനയുടെ പേരിലെ ഈ ഒത്തുചേരൽ.

രാവിലെ സെൻട്രൽ സ‌്റ്റേഡിയത്തിൽ ആയിരത്തിൽപ്പരം ആളുകൾ ഒത്തുചേർന്ന‌് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുമെന്ന‌് ‘വി ദി പീപ്പിൾ’ കൂട്ടായ്മയെ പ്രതിനിധാനംചെയ‌്ത‌് സാമൂഹ്യപ്രവർത്തകൻ മൈത്രേയൻ പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ മറവിൽ ആചാരങ്ങളെ നിയമസംവിധാനത്തിന‌് മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള ഭരണഘടനാ വിശ്വാസികളുടെ ഒത്തുചേരലാണ‌് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10.30ന‌് ഊരാളി ബാൻഡിന്റെ സംഗീത പരിപാടിയോടെ ഒത്തുചേരലിന‌് തുടക്കമാകും. കലാ, സാമൂഹ്യ, സംഗീത, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരടക്കം പങ്കെടുക്കും. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും മജന്ത നിറമുള്ള ബലൂണുകൾ ഉയർത്തുകയും ചെയ്യും. ദിവസം മുഴുവൻ നീളുന്ന ഒത്തുചേരലിൽ വിവിധ ബാൻഡുകളും സംഗീതജ്ഞരും പരിപാടികൾ അവതരിപ്പിക്കും.