Mon. Nov 23rd, 2026

സ്ത്രീ മാറ്റി നിര്‍ത്തപ്പെടേണ്ടവളല്ല, പവിത്രയാണ് എന്നതാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധിയുടെ അന്തസത്ത എന്ന് പ്രൊഫ എം കെ സാനു. പത്തുമാസം വയറ്റില്‍ കുഞ്ഞിനെ ചുമന്ന്, വേദനയോടെ പ്രസവിച്ച് , ജീവരക്തം മുലപ്പാലാക്കി, കണ്ണുനീരില്‍ കുളിപ്പിച്ചാണ് തന്റെ അമ്മ തന്നെ വളര്‍ത്തിയത്. അവര്‍ ഒരിക്കലും നീചയല്ല, പവിത്രയാണ്. അങ്ങനെതന്നെയാണ് സമൂഹത്തിലെ ഓരോ സ്ത്രീയുമെന്നും അദ്ദേഹം വിലയിരുത്തി. ഈ കാര്യങ്ങളെല്ലാം വിശദമാക്കുന്നില്ലെങ്കിലും, ആ പവിത്രത വിളിച്ചോതുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാറില്ലെന്ന വാദം ശരിയല്ല. എന്നാണ് ഈ ആചാരം തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. തന്റെ കുടുംബത്തില്‍ നിന്നും വ്രതമെടുത്ത് സ്ത്രീകള്‍ മല ചവിട്ടിയിട്ടുണ്ട്.ശബരമില വിഷയത്തില്‍ കേസുകൊടുത്തത് സംസ്ഥാന സര്‍ക്കാരല്ല. ആ വിഷയത്തില്‍ സുപ്രീം കോടതിക്ക് അങ്ങനെയൊരു വിധിയേ പുറപ്പെടുവിക്കാന്‍ സാധിക്കൂ. കാരണം, രാജ്യത്ത് നിലനില്‍ക്കുന്നത് ഏകാധിപത്യത്തിന്റെയല്ല, ജനാധിപത്യത്തിന്റെ ഭരണഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് സര്‍ക്കാരും സമൂഹവും അംഗീകരിച്ചേ പറ്റൂ.

വിധി ആചാരത്തിനും വിശ്വാസത്തിനും വിരുദ്ധമാണെന്നാണ് വാദം. അവര്‍ണ്ണന് വഴി നടക്കാന്‍ കഴിയാതിരുന്നതും, ക്ഷേത്രത്തില്‍ പഠിക്കാന്‍ കഴിയാതിരുന്നതും സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അവകാശമില്ലാതിരുന്നതും ആചാരമായി കരുതപ്പെട്ടിരുന്നു. അവയൊക്കെ മാറ്റിമറിക്കപ്പെട്ടു.
അമ്മയുമായി ബാല്യത്തില്‍ ക്ഷേത്രത്തില്‍ പോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. മേല്‍ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍, ദൂരെ മാറി നിന്ന് തൊഴുത് തങ്ങള്‍ വാഴയിലയില്‍ സമര്‍പ്പിച്ച കാണിക്കയെടുക്കാന്‍ ശാന്തിക്കാരന്‍ വരുമ്പോള്‍ അകലേക്ക് മാറി നിന്ന കുട്ടിക്കാലം അദ്ദേഹം ഓര്‍മ്മിച്ചെടുത്തു. ആ ആചാരങ്ങള്‍ ഇന്നില്ലാതായി കഴിഞ്ഞു. മേല്‍ജാതിക്കാര്‍ക്ക് ആഹാരം കഴിക്കാന്‍ താഴ്ന്ന ജാതിക്കാര്‍ വേല ചെയ്യില്ലായെന്ന് ശപഥമെടുത്തപ്പോഴേ പല ആചാരങ്ങളും ഇല്ലാതായി.

സമൂഹത്തില്‍ അവര്‍ണ്ണരും സവര്‍ണ്ണരുമില്ല. ഉള്ളത് മനുഷ്യരാണ്. പ്രളയം അത് ബോദ്ധ്യമാക്കി കഴിഞ്ഞു. സമൂഹത്തില്‍ മാതൃഭാവത്തോടെ പല മേഖലകളിലും പ്രയത്‌നിക്കുന്നവരാണ് സ്ത്രീകള്‍. മദര്‍ തെരേസയെപ്പോലെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ആരും ഒന്നും നേടാനല്ല ക്ഷേത്രത്തില്‍ പോവുന്നത്. സ്വയം സമര്‍പ്പിക്കാനാണ്. ആ അര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയപ്പോഴാണ് ക്ഷേത്ര പ്രവേശനത്തിനായി സമരം ഉണ്ടായത്. നവകേരളത്തില്‍ ജാതി ഭേദമല്ല വേണ്ടത്. മറ്റേത് നാടിനേക്കാളും, എന്തിനേക്കാളും പ്രബുദ്ധമാവുക എന്ന ചിന്താഗതിയാണുണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.