ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ശബരിമലയിലെത്തിയ സ്ത്രീകളെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മധ്യമപ്രവര്‍ത്തകരേയും ആകമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പത്ത് കെ.എസ്.ആര്‍.ടി.സി ബസുകളും 13 പോലീസ് വാഹനങ്ങളും നിരവധി മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിരാണ് പ്രതികള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് 23,84,500 രൂപയും പോലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയുടെ നഷ്ടവും സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. പ്രതികളുടെ ആക്രമണത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. പരമോന്നത കോടതിയുടെ വിധി അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് ജാമ്യാഅപേക്ഷ നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.