Mon. Nov 23rd, 2026

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. എല്ലാ കേസുകളും തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുനഃപരിശോധന ഹര്‍ജി പരിഗണിക്കുമോ എന്നതില്‍ കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.

നവംബര്‍ 16നാണ് മണ്ഡലകാലം ആരംഭിക്കുന്നത്.റിട്ട് ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ഉന്നയിച്ചുവെങ്കിലും നവംബര്‍ 13ന് കഴിഞ്ഞ് മൂന്നു മണിക്ക് കേസുകള്‍ കേള്‍ക്കാമെന്നും അതുവരെ കാത്തിരിക്കൂവെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ഏതു ബെഞ്ചാണെന്നും പിന്നീട് തീരുമാനിക്കും.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് വിധി പറഞ്ഞത്. ബെഞ്ചിലെ നാലംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ചപ്പോള്‍ ഒരു ജഡ്ജിമാത്രം വിയോജന വിധിയാണ് എഴുതിയത്. പുനഃപരിശോധന ഹര്‍ജി പരിഗണിക്കേണ്ടതും ഇതേബെഞ്ച് തന്നെയാണ്. അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര വിരമിച്ചിരുന്നു. പകരം ജഡ്ജിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയാകും പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക.