ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്. ന്യൂനമർദ്ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയതിനെ തുടർന്നാണിത്. തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, തൃശൂർ, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
അറബിക്കടലിൽ ഇന്നലെ വൈകിട്ടുണ്ടായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാമെന്ന മുന്നറിയിപ്പിന്റെപശ്ചാത്തലത്തിൽഇന്നും നാളെയും അതീവ ജാഗ്രത തുടരുതയാണ്. ദുരന്തനിവാരണ സേനയും സർക്കാരും റവന്യൂ, മത്സ്യബന്ധന, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ എല്ലാ ഓാഫീസുകളും കനത്തമഴ പെയ്യാനിടയുള്ള ജില്ലകളിൽ കളക്ടർമാരം എന്തും നേരിടാനുള്ള ഒരുക്കത്തിലാണ്. വീണ്ടും പ്രളയമുണ്ടായാൽ നേരിടാനുള്ള ഒരുക്കത്തിലാണ്. എല്ലാ ഡാമുകളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലാക്കാനും ഏത് നിമിഷവും തുറന്നുവിടാനുമുള്ള ഒരുക്കങ്ങൾ നടത്തി.വലിയ അണക്കെട്ടുകളായ ഇടുക്കിയും മുല്ലപ്പെരിയാറും അനുബന്ധ ഡാമായ ഇടമലയാറും നിരീക്ഷണത്തിലാണ്. ചുഴലിക്കാറ്റ് കേരളത്തിൽ അടിക്കില്ലെങ്കിലും അതിന്റെ ഫലമായി ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവുമുണ്ട്. ഇത് തെക്കൻ ദിശയിലേക്ക് വന്നാൽ കേരളത്തിൽ നാളെ കടുത്ത നാശമുണ്ടാകാം.
ലുബാൻ ചുഴലി
അറബിക്കടലിൽ ലക്ഷദ്വീപിനും കേരളതീരത്തിനുമിടയിൽ 500 കിലോമീറ്റർ പരിധിയിലാണ് ന്യൂനമർദ്ദം. ഇത് 36 മണിക്കൂറിനുളളിൽ വടക്കുപടിഞ്ഞാറേക്ക് അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ നീങ്ങും. നേരെ നീങ്ങിയാൽ തിങ്കളാഴ്ച ഒമാൻ തീരത്ത് വൻനാശമുണ്ടാക്കും. ഒമാനാണ് ഇതിന് ലുബാൻ എന്ന് പേരിട്ടിട്ടത്. ഒമാൻ തീരത്തിന് 300 കിലോമീറ്റർ മുമ്പ് ഇത് കിഴക്കോട്ട് തിരിയാമെന്നും ആശങ്കയുണ്ട്. എങ്കിൽ പാകിസ്ഥാൻ തീരത്തോ, ഇന്ത്യയുടെ ഗുജറാത്തിലോ 100 കിലോമീറ്റർ വരെ വേഗതയിൽ പതിക്കാം.