Sat. Nov 21st, 2026

ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര രംഗത്ത്. ശബരിമലയ്ക്ക് വേണ്ടി മലയാളികൾ ഇത്രയേറെ ഊർജം ചിലവഴിക്കുന്നത് കാണുമ്പോൾ ആത്മനിന്ദയാണ് തോന്നുന്നതെന്ന് കെ ആർ. മീര കുറിച്ചു. പെട്രോൾവില കത്തിപ്പടരുന്നതിലോ, സാധാരണക്കാരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നതിലോ, സ്ത്രീകൾ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്നതിലോ പ്രതിഷേധിക്കാത്തവർ ദൈവത്തിന്റെ ചാരിത്ര്യം സംരക്ഷിക്കാൻ ആത്മാഹുതിക്ക് തയ്യാറാകുന്നത് കാണുമ്പോൾ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവർ പരിഹസിക്കുന്നു.ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നുവരെ ഒരുസാമൂഹ്യ പ്രശ്നത്തിലും ഇടപെടാത്ത ഈ ‘കൊലസ്ത്രീ’കൾ അയ്യപ്പൻറെ ചാരിത്ര്യം പോകുന്നതിൽ ഉദ്ഘണ്ഡ പ്പെട്ടും അയ്യപ്പൻ സ്വായംഭോഗം ചെയ്യുന്നുണ്ടോ എന്നും അയ്യപ്പന് സ്വപ്‍നസ്കലനം സംഭവിക്കുന്നുണ്ടോ എന്നൊക്കെ ആശങ്കപ്പെട്ടും തെരുവിലിറങ്ങിയതിനെക്കുറിച്ച് ഓർക്കുമ്പോൾ മലയാളി ആയിപ്പോയതിൽ ഇപ്പോൾ ആത്മനിന്ദ തോന്നുന്നു എന്ന് കുറിച്ചത്.

കെ. ആർ. മീരയുടെ ലേഖനത്തിന്റെ പൂർണരൂപം

പ്രളയത്തിന്റെ മുറിവുകൾ ഉണങ്ങുന്നതിനുമുമ്പേ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള അസംബന്ധ ചർച്ചകൾക്കുവേണ്ടി മലയാളികൾ ഇത്രയേറെ ഊർജം ചെലവഴിക്കുന്നതുകാണുമ്പോൾ ആത്മനിന്ദ അനുഭവപ്പെടുന്നു. പ്രിയപ്പെട്ടവരുടെ ജീവനും ഒരായുസ്സിന്റെ സമ്പാദ്യവും നഷ്ടപ്പെട്ട മനുഷ്യരുടെ മുമ്പിലിരുന്ന് ദൈവത്തിന്റെ ബ്രഹ്മചര്യത്തെക്കുറിച്ച് ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നവരുടെ മനക്കട്ടിയും തൊലിക്കട്ടിയും അപാരം.

പെട്രോൾവില കത്തിപ്പടരുന്നതിലോ പാചകവാതകവില കുതിച്ചുയരുന്നതിലോ സാധാരണക്കാരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നതിലോ കാവും പുഴയും മലിനീകരിക്കപ്പെടുന്നതിലോ ക്വാറികൾ പെരുകുന്നതിലോ സ്ത്രീകൾ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്നതിലോ സഹജീവികൾക്ക് പാർപ്പിടംപോലും ഇല്ലാത്തതിലോ പ്രതിഷേധിക്കാത്തവരായ ചില കുലസ്ത്രീകളും മര്യാദാപുരുഷന്മാരും ദൈവത്തിന്റെ ചാരിത്ര്യം സംരക്ഷിക്കാൻ ആത്മാഹുതിക്ക് തയ്യാറാകുന്നതുകാണുമ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം.

പുരോഗമന നിലപാടുമായി സംസ്ഥാന സർക്കാർ

സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ഇടപെടൽ ഒരു പരിഷ്കൃതസമൂഹത്തിന് യോജിച്ചതായിരുന്നു. ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് സുപ്രീംകോടതി വിധിയിലൂടെ കോടതി ചെയ്തത്. എന്നാൽ, ഇത് മറച്ചുപിടിച്ച് സർക്കാരിനെ തകർക്കാനുള്ള അസുലഭാവസരമായി ഇതിനെ മാറ്റിയെടുക്കുകയാണ് ചിലർ. അപ്പോഴും രാഷ്ട്രീയനേട്ടങ്ങൾക്ക് അതീതമായി പുരോഗമനാശയങ്ങളെ പിന്തുണയ്ക്കാനും അതിൽ ഉറച്ചുനിൽക്കാനുമുള്ള ധൈര്യവും ആർജവവുമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

ആചാരങ്ങൾ നവീകരിക്കാത്തത് നിർഭാഗ്യകരം

ശബരിമല ശാസ്താവ് പ്രതിനിധാനംചെയ്യുന്ന അദ്വൈതാദർശങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നവീകരിക്കാനുള്ള ആർജവം തന്ത്രി കുടുംബത്തിന് ഉണ്ടാകാതിരുന്നത് നിർഭാഗ്യകരമാണ്. തങ്ങളുടെ അപ്രമാദിത്വത്തെ കോടതി റദ്ദാക്കുന്നത് അംഗീകരിച്ചാൽ ഇത്തരം രസകരമായ മറ്റ് ആചാരങ്ങളിലും കോടതി ഇടപെടൽ ഉണ്ടായേക്കുമെന്ന് ചിലർക്കു ഭയമുണ്ടാകുന്നതും അവർ മേൽക്കോയ്മ നിലനിർത്താൻ പാടുപെടുന്നതും മനസ്സിലാക്കാം. പക്ഷേ, ഇത് അവസരമായിക്കണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തെ കൂടുതൽ നശിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ ക്ഷമ അർഹിക്കുന്നില്ല. മേൽപ്പറഞ്ഞ ഇരുകൂട്ടരുടെയും കൈയിലെ ചട്ടുകങ്ങളായി മാറുകയാണ്, കഥയറിയാതെ ആട്ടം കാണുന്ന പാവപ്പെട്ട സ്ത്രീകളും സാധാരണക്കാരായ പുരുഷന്മാരും. അവർക്ക് സ്വാമി അയ്യപ്പൻതന്നെ നേർവഴി കാട്ടട്ടെ.

ജാതിമതഭേദമില്ലാത്ത തനിക്ക് സ്ത്രീപുരുഷഭേദമുണ്ട് എന്ന് അധിക്ഷേപിച്ചവർക്കുള്ള അയ്യപ്പന്റെ താക്കീതായിരുന്നു കഴിഞ്ഞ പ്രളയം. ഇനിയും അതേ അപമാനം അയ്യപ്പനു വരുത്തിവച്ചാൽ ഇതിലും ഭീകരമായ പ്രളയമായിരിക്കും വരാൻപോകുന്നത് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട്, ഹിന്ദുദൈവങ്ങളെ ഈ വിധം കേവല മനുഷ്യരുടെ നിലവാരത്തിലേക്ക് തരംതാഴ്ത്തുന്നതിനെതിരെ യഥാർഥ ഹിന്ദുക്കൾ ഉണരണം എന്നാണ് എന്റെ എളിയ അപേക്ഷ.

തന്ത്രി കേസ് ഞെട്ടിച്ചു

പതിവായി അമ്പലത്തിൽ പോകാറുള്ള എന്റെ ഹിന്ദുമതവികാരം ഏറ്റവുംകൂടുതൽ വ്രണപ്പെട്ടത് സ്വന്തംവീടോ ഇടമോ ഇല്ലാത്ത എട്ടുവയസ്സുകാരി ക്ഷേത്രത്തിനുള്ളിൽ ദിവസങ്ങളോളം ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴാണ്. ഞാൻ പിന്തുടരുന്ന മതവിശ്വാസത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുകയും ആരാധനാലയത്തിന്റെ പവിത്രതയെ അവഹേളിക്കുകയും ദൈവം എന്നൊന്ന് ഇല്ലെന്ന് പൂജാരിതന്നെ ലോകത്തോടു വിളിച്ചുപറയുകയുംചെയ്ത പ്രവൃത്തിയായിരുന്നു അത്.

അതിനുമുമ്പ് എന്റെ മതവികാരം വ്രണപ്പെട്ടത് ഒരുതന്ത്രി ബ്ലാക്മെയിലിങ് കേസിൽ പെട്ടപ്പോൾ താൻ സംസ്കൃതമോ വേദമന്ത്രങ്ങളോ പഠിച്ചിട്ടില്ലെന്നും ഭാഗ്യസൂക്തമന്ത്രംപോലും അറിയാതെയാണ് ഗണപതിഹോമം നടത്തുന്നത് എന്നും ജസ്റ്റിസ് പരിപൂർണൻ കമീഷനുമുന്നിൽ വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ്. ഗണപതിയുടെ നക്ഷത്രംപോലും അറിയാത്തയാളാണ് ജനകോടികൾ ആരാധിക്കുന്ന ശബരി മല ക്ഷേത്രത്തിലെ തന്ത്രിയായത് എന്നറിഞ്ഞപ്പോൾ അനുഭവപ്പെട്ട ആഘാതം ഇന്നും മാറിയിട്ടില്ല.