ശബരിമല സ്ത്രീപ്രവേശനത്തില്‍ അനുകൂല നിലപാട് പരസ്യമാക്കിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് രൂക്ഷ വിമര്‍ശനം. കൊല്ലം ഡിസിസി യോഗത്തിലാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയുമായി ബന്ധപ്പെട്ട് ഉണ്ടായ സുപ്രീംകോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനായി സമരാഭാസങ്ങള്‍ തുടങ്ങീരിക്കുകയാണ്. വിവിധ സംഘടനകള്‍ ഹിന്ദുവികാരം മുതലാക്കാനായി സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. അതിനിടെ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല വിധിയെ സ്വാഗതം ചെയ്ത് എഐസിസിയും സോണിയാ ഗാന്ധിയും രംഗത്തെത്തിയിട്ടും അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്.അതിനിടയിലാണ് ഇടംതിരുപ്പത്തി സ്വഭാവവുമായി കൊല്ലം ഡിസിസി പ്രസിഡന്റ് രംഗത്തുവന്നത്. പാര്‍ട്ടിയുടെ നിലപാടിനെ തള്ളിയാണ് ബിന്ദു കൃഷ്ണ സുപ്രീം കോടതിവിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
ഇതേതുടർന്ന് യോഗത്തില്‍ വാക്കേറ്റം ഉയര്‍ന്നതോടെ ഡിസിസി യോഗം അല്‍പസമയം നിര്‍ത്തിവെച്ചു. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
എന്നാൽ ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താനെന്നും, സ്ത്രീ പുരുഷ വിവേചനം പാടില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി വിധിയെ താൻ സ്വാഗതം ചെയ്യുന്നു എന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി