Mon. Aug 31st, 2026

ലണ്ടൻ സർവകലാശാലയിലെ ചാൾസ് വാലസിന്റെ പേരിലുള്ള തെക്കൻ എഷ്യൻ ഭൂഖണ്ഡവുമായി ബന്ധപ്പെട്ട കേന്ദ്രത്തിലെ റിസർച്ച് ഫെലോ ആണ് ഡോ. സനല്‍ മോഹൻ.  കൊൽക്കൊത്തയിലെ സമൂഹ്യപഠനകേന്ദ്രത്തിലെ ചരിത്ര വിഭാഗത്തിൽ തൻ്റെ സേവനം നൽകുന്നു. ന്യൂസിലാണ്ടിലെ മാസ്സി യൂണിവേർഴ്സിറ്റിയിൽ സാമൂഹിക നരവംശശാസ്ത്രത്തിൽ ഹോണററി റിസേർച്ച് അസ്സോസിയേറ്റാണ്. അറ്റ്ലാൻഡായിലെ എമൊറി യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലൊയാണ്. ഇതു കൂടാതെ UPenn ലെ ഫെല്ലൊയാണ്. Programme of New Directions in the Study of Prayers (2012-14) എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് എസ് എസ് ആർ സി ന്യൂയോർക്കിൽ സേവനമനുഷ്ഠിക്കുന്നു. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റിട്ടിലും ജർമ്മനിയിലെ ഗൊട്ടിൻ ഗൻ യൂണിവേഴ്സിറ്റിയിലും കേംബ്രിഡ്ജിലുമെല്ലാം ഈ മലയാളിയുടെ സാന്നിദ്ധ്യമുണ്ട്.

കണ്ണൂരിലെ ഒരു ഗ്രാമത്തിൽ ദളിതനായി ജനിച്ച ഈ മനുഷ്യൻ. കേരളത്തിലെ വിവിധപാഠശാലകളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസവും ഗവേഷണവും പൂർത്തിയാക്കിയശേഷം 1993ൽ കോട്ടയത്തെ ഗാന്ധി സർവകലാശാലയിൽ നരവംശശാസ്ത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2018ൽ 25 വർഷത്തെ അധ്യാപനജീവിതം പൂർത്തിയാക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ബഹുമതികളൊക്കെ നിലനിൽക്കുമ്പോഴും ഡോ. സനൽ മോഹനെതിരേ ദളിതനായിപ്പോയ ഒറ്റക്കാരണത്താൽ ജാതിവിവേചത്തിന് പണ്ടേ കുപ്രസിദ്ധമായ എം ജി യൂണിവേഴ്സിറ്റി പടയൊരുക്കം നടത്തുന്നു. ന്യൂയോർക്കിലെ എസ് എസ് ആർ സി (Social Science Research Council)യുടെ ഫെല്ലൊഷിപ്പ് സ്വീകരിച്ചതിൻ്റെ പേരിലാണ് ഈ ആക്രമണം. സനൽമോഹനെന്ന അക്കാദമിക്ക് മികവിനെതിരേ നിലപാടുകൾ സ്വീകരിച്ചത് കേരളത്തിലെ ദളിതുകളും ദളിത് ക്രൈസ്തവരും സ്വീകരിച്ചുവരുന്ന മതപരമായ അനുഷ്ഠാനങ്ങളെപ്പറ്റിയാണ് സനൽ മോഹൻ പഠനം നടത്തുന്നത് എന്നതുകൊണ്ടാണ്.

എസ് എസ് ആർ സി യാകട്ടെ ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകം മുഴുവൻ അറിയുന്ന മികച്ച റിസേർച്ചുകൾക്ക് ഫണ്ട് നൽകുന്ന സ്ഥാപനമാണ്. വിവിധരാജ്യങ്ങളിൽനിന്നും ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അക്കാദമികമികവുള്ളവർ ധാരാളമുണ്ട്. ചൈന ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നുവരെ അക്കാദമിക്കുകൾ ഇവിടെ ഗവേഷണം നടത്തുന്നുണ്ട്. ഇതൊന്നും അറിയാത്തവരല്ല മഹാത്മാഗാന്ധി സർവകലാശാലയിൽ സനൽ മോഹനു മുകളിലുള്ളവർ. ഇവിടെനിന്നും വേണം ജാതികേരളത്തിൻ്റെ പുതിയ ചില അവക്ഷിപ്തങ്ങൾ തികച്ചും വ്യത്യസ്തമായി നിലനിൽക്കുന്നുവെന്നു മനസിലാക്കേണ്ടത്.

ഒരു ദലിതനെന്ന ജന്മം പേറുന്ന ഒരു മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത അക്കാദമികമികവിനെ ദഹിക്കാതെപോകുന്ന ഉപരിവർഗ്ഗ/സവർണബോധമാണ് ഡോ. സനൽ മോഹനെതിരേ നിലപാടെടുക്കുന്നതിനു കാരണമായതെന്നാണ് ഒരു വിശകലനത്തിൽനിന്നും ബോധ്യമാകുന്നത്. സനൽ മോഹൻ്റെ പഠനവിഷയം തന്നെ ഇവരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാരണം കേരളത്തിൽ മതപരമായി യാതൊരു വിധമായ പ്രഖ്യാപിത സ്വത്വബോധമില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ടവരാണല്ലോ ദളീതരും ദളിത് ക്രൈസ്തവരും. ഹിന്ദു, ക്രിസ്ത്യൻ സവർണബോധം കാലങ്ങളായി അതു വരുത്തിത്തീർക്കുകയും ചെയ്തുവെന്നതാണ് സത്യം. മതപരമായ എല്ലാ സ്വാഭാവിക ചടങ്ങുകളിലും ദളിതുകളും ദളിത് ക്രൈസ്തവരും അവർക്ക് മുകളിലുള്ളവർ എന്താണോ ചെയ്യുന്നത് അതുതന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽനിന്നുവേണം സനൽ മോഹനെതിരേ എന്തുകൊണ്ട് പടയൊരുക്കം നടത്തുന്നു എന്ന് ചിന്തിക്കേണ്ടത്.

കാമ്പസിലെ സ്റ്റുഡൻസ് ഫോർ ഫ്രീഡം എന്ന സംഘടന സനൽ മോഹൻ്റെ വിഷയം സംബന്ധിച്ച് പുറത്തിറക്കിയ ഒരു കുറിപ്പാണ് ഇപ്പോൾ മാധ്യമചർച്ചകൾക്ക് കാരണമായത്.കുഴപ്പങ്ങൾ ആരംഭിക്കുന്നത് എസ് എസ് ആർ സി യിൽ നിന്നും സനൽ മോഹന് ദളിത് ക്രൈസ്തവ മതാചാരങ്ങളെപ്പറ്റി പഠിക്കാൻ ഫെല്ലൊഷിപ്പ് ലഭിച്ചപ്പോൾ മുതലാണ്. യൂണീവേഴ്സിറ്റിയിലെ ചില സവർണരായ തമ്പുരാന്മാർക്ക് കേരളത്തിലെ ദളിതുകളും ദളിത് ക്രൈസ്തവരും പിന്തുടരുന്ന ആചാരങ്ങളെപ്പറ്റിയുള്ള പഠനത്തിനായി എസ് എസ് ആർ സി പോലുള്ള ഒരു സ്ഥാപനത്തിൽനിന്നും ഒരു ദളിതനു ഫെലൊഷിപ്പ് ലഭിക്കുന്നത് സഹിക്കാൻ കഴിയുന്നില്ല. 45,00,000 രൂപയുടെ ഫെലോഷിപ്പാണ് കിട്ടിയിരിക്കുന്നത് എന്നത് കുരുപൊട്ടലിന്റെ മറ്റൊരു കാരണവും.

അവരിൽ മേൽജാതിയിൽപ്പെടുന്ന യൂണിവേഴ്സിറ്റിയിലെ ഭരണവിഭാഗത്തിലും സിൻഡിക്കേറ്റിലുമുള്ള ഹിന്ദുക്കളൂം സിറിയൻ കത്തോലിക്കരും മുസ്ലീങ്ങളുമുണ്ട്. അവരോടൊപ്പമുള്ള അങ്ങേയറ്റം തദ്ദേശിയനായ ഒരു മനുഷ്യനെ ഷേർലോക്ക് ഹോംസിൻ്റെ വേഷം ധരിച്ച സർവകലാശാലാ അധികൃതർ, വിദേശപണം സ്വീകരിക്കുന്നവനായി ചിത്രീകരിക്കാൻ അധികസമയം വേണ്ടിവന്നില്ല. മുൻ വൈസ് ചാൻസലർ രാജൻ ഗുരുക്കൾ അദ്ദേഹത്തിൻ്റെ കാലയളവിൽ നടത്തിയ ഇടപെടലിലൂടെ ലഭിച്ച സഹായധനംപോലും സനൽ മോഹനു ലഭിച്ചിട്ടില്ല.

ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഭരണവിഭാഗം നിരത്തുന്ന കാരണങ്ങളിൽ പലതും ബാലിശമാണ്. രാജ്യത്തിൻ്റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. വിദേശ ധനസഹായത്തിനായി അപേക്ഷിക്കുന്നവർ ചെയ്യാൻ പോകുന്ന പദ്ധതിയെപ്പറ്റി മുൻകൂട്ടി കേന്ദ്രസർക്കാരിനെ വളരെ കൃത്യമായിതന്നെ അറിയിക്കേണ്ടതുണ്ട്. ഇത്തരം ഒരവസരത്തിൽ ഡോ. സനൽ മോഹനെ ഓർമ്മിപ്പിക്കുവാനുള്ളത് ഇത്തരമൊരു പ്രവർത്തനത്തിലേർപ്പെടുകവഴി യൂണിവേഴ്സിറ്റിയ്കോ ഗവണ്മെൻ്റിനോ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരവാദിത്വം നിങ്ങൾക്കു തന്നെയായിരിക്കുമെന്ന ശക്തമായ തിട്ടൂരമാണ് യൂണിവേഴ്സിറ്റിയിൽനിന്നും അദ്ദേഹത്തിനു ചാർത്തിക്കൊടുക്കുന്നത്. മാത്രമല്ല ഇത് സർക്കാർ സർവീസിൽ ഇരിക്കുന്ന ഒരാൾ നടത്തുന്ന കൃത്യവിലോപമായും കണക്കാക്കുമെന്നും പറയുന്നു.

ഇങ്ങനെ വളരെ വലിയ ഭീതിജനകമായ കാര്യങ്ങൾ നിരത്തിയാണ് സനൽ മോഹനെതിരെ എസ്റ്റാബ്ലിഷ്മെൻ്റ് രംഗത്തു വന്നിരിക്കുന്നത്. മാത്രമല്ല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് അസ്സൊസിയേറ്റ് പ്രഫസറായ സനൽ മോഹൻ യുഎസിൽനിന്നും പ്രൊജക്റ്റിനായി ധനസഹായം സ്വീകരിച്ചുവെന്ന വിവരം ആഭ്യന്തര വകുപ്പിനെ അറിയിക്കാനുമുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ടെന്നും ഭരണസമിതി അറിയിക്കുന്നു.

ഇത്തരത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ ലോക്കൽഫണ്ട് ആഡിറ്റ് വിഭാഗത്തെപ്പോലും വഴിതിരിച്ചുവിടുന്ന തരത്തിലുള്ളതായിരുന്നു. അതനുസരിച്ചു അവരയക്കുന്ന കത്തുകൾക്ക് (ക്വറി) നിരന്തരമായി സനൽ മോഹനു മറുപടിയും നൽകേണ്ടതായി വന്നു, എന്നാൽ ഇത് സർവകലാശാലയുടെ ഭരണവകുപ്പിൽനിന്നും ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗത്തിനയച്ചു കൊടുക്കാതിരിക്കുകയും ആദ്യമായി ലോക്കൽ ഫണ്ട് വിഭാഗത്തിൽനിന്നും വന്ന ഒരന്വേഷണത്തെ സംബന്ധിച്ച കത്ത് മാധ്യമങ്ങൾക്കു നൽകുകയും സനൽ മോഹൻ എന്ന അധ്യാപകനെ പൊതു സമക്ഷത്തിൽ അവഹേളിക്കാൻ ഇതുപയോഗിക്കുകയും ചെയ്തു.

കൂടാതെ ഏതാനും വിദ്യാര്തഥികളെ തെറ്റിദ്ധരിപ്പിച്ചു അവരെ ഉപയോഗിച്ച് അസൂയാലുക്കളായ ഒരു ന്യൂനപക്ഷം അധ്യാപകലോബി ഡോ.സനലിനെതിരെ നിരന്തരമായി പ്രചാരണം നടത്തുകയാണ്. ഇക്കൂട്ടർ സർവ്വകലാശാലയിൽ മറ്റു പല ജീവനക്കാർക്കെതിരെയും ഇതേ മാതൃകയിലുള്ള തന്ത്രം പയറ്റി നേട്ടങ്ങളുണ്ടാക്കിയതായും ആരോപണമുണ്ട്. വൈസ് ചാൻസലർ ഡോ ബാബു സെബാസ്റ്റ്യൻ, പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂർ, രജിസ്റ്റാർ ഡോ മേടയിൽ രാമചന്ദ്രൻ ഉണ്ണി, പി ആർ ഓ ഗോവിന്ദപ്പിള്ള ശ്രീകുമാർ തുടങ്ങിയവർ സനൽ മോഹനെ ഇത്തരത്തിൽ പൊതുസമക്ഷത്തിൽ അവഹേളിച്ചതായും സ്റ്റുഡൻസ് ഫോർ ഫ്രീഡം പ്രവർത്തകർ പറയുന്നു.

2015 ലെ യൂണിവേഴ്സിറ്റി പ്രസ് റിലീസ് പ്രസിദ്ധീകരിച്ച എല്ലാ പത്രങ്ങളും യൂണിവേഴ്സിറ്റിയുടെ ആർ എസ് എസ് ബന്ധത്തെപ്പറ്റിയെഴുതിയപ്പോൾ ആർ എസ് എസ് പത്രമായ ജന്മഭൂമി ദളിതുകളും ക്രിസ്ത്യൻ വിഭാഗവും ഈ അക്കാദമിക് പ്രൊജക്റ്റിൽ ഉൾപ്പെടുന്നതിനാൽ അവരുടേതായ തരത്തിൽ അല്പം മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ പി ആർ ഓ ആയ പിള്ള തൻ്റെ പങ്കു വളരെ തന്മയത്തോടെ നിർവഹിക്കുകയും ചെയ്തു. (വിരമിച്ചശേഷവും പിള്ള യൂണിവേഴ് സിറ്റിയിൽ സേവനമനുഷ്ഠിക്കുന്നു. ജൈവം പ്രൊജക്റ്റിൻ്റെ കൊ ഓർഡിനേറ്ററായി,)

സനൽ മോഹൻ്റെ മറുപടിയിൽ മുൻപ് അയച്ച എല്ലാ അന്വേഷണങ്ങളും ലോക്കൽ ഫണ്ട് അവസാനിപ്പിച്ചു.അതിനുശേഷം 2017ൽ സനൽ മോഹൻ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് കേംബ്രിഡ്ജ് യൂണിവെഴ്സിറ്റിയിൽ സ്മൂട്ട് ഫെല്ലൊഷിപ്പിനുവേണ്ടി ചേരുവാനുള്ള ആവശ്യത്തിനായി യൂണിവേഴ്സിറ്റിയിൽനിന്നും ശമ്പളമുള്ള അവധിയ്ക്കായി അപേക്ഷസമർപ്പിച്ചു. നേരത്തെതന്നെ എല്ലാനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് നൽകിയ ഈ അവധിപോലും നിരസിക്കുകയായിരുന്നു. പകരം വേതനമില്ലാത്ത അവധി അനുവദിക്കുകയായിരുന്നു യുണിവേഴ്സിറ്റി.

സനൽ മോഹൻ കേംബ്രിഡ്ജിൽനിന്നും മടങ്ങിയെത്തിയപ്പോൾ യൂണിവേഴ്സിറ്റി മറ്റൊരു പരിപാടിയുമായാണ് രംഗത്തെത്തിയത്. Inter university Centre for Social Science Research and Extension ൽ പണം ദുരുപയോഗം ചെയ്തുവെന്ന ആരോപണമായിരുന്നു അത്. പല പുതിയ താരങ്ങളും ഈ ആരോപണത്തെ പിന്താങ്ങി രംഗത്തെത്തി. ഈ ആരോപണത്തിൻ്റെ അന്വേഷണമെന്നപേരിൽ കാൽനൂറ്റാണ്ടുകാലമായി യൂണിവേഴ് സിറ്റിയിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോലും കടന്നുചെല്ലാൻ മേലധികാരികൾക്കു മടിയുണ്ടായില്ല. മേലധികാരിയുടെ നിർദ്ദേശപ്രകാരം സനൽ മോഹന്റെ മുറിയിൽ കയറി ചുവരിലുണ്ടായിരുന്ന അയ്യങ്കാളി, പൊയ്കയിൽ യോഹന്നാൻ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളുടെ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചു. ഇതിനെതിരെ പരാതി പറഞ്ഞപ്പോഴാണ് വനിതയായ മേലധികാരിയ ഇന്റർ യൂണിവേഴ്സിറ്റി സെന്ററിന്റെ പുതിയ ഡയറക്ടറായ വനിതയെ അപമാനിച്ചു എന്ന കുറ്റം ചാർത്തി വ്യാജപരാതി നൽകിയത്.

ഈ സാഹചര്യത്തിൽ സനൽ മോഹനെന്ന അധ്യാപകനുവേണ്ടി സർവകലാശാലയിലെ എല്ലാ ദളിത് ബഹുജൻ വിഭാഗങ്ങളുടെയും അതീവശ്രദ്ധപതിയണമെന്നും ഇടപെടണമെന്നും സ്റ്റുഡൻ്റ്സ് ഫോർ ഫ്രീഡം ആവശ്യപ്പെടുന്നു.

എന്തായാലും ഇത് പുതിയ ജാതികേരളത്തിൻ്റെ നേർചിത്രമാണ്. ഇത് ഉത്തരേന്ത്യൻ ജാതി ചിന്തയിൽനിന്നും വ്യത്യസ്തമാണ്. പഠിപ്പ് നൽകിയ പുതിയ ജാതി ബോധമോ അത് നൽകുന്ന അതീശത്വചിന്തയോ തന്നെയാണിതിനു കാരണം. ഒന്നു മനസിലാക്കണം, സമൂഹിക സമത്വം തൻ്റേതായ രീതിയിൽ സ്വപ്നം കണ്ട ഗാന്ധിജിയുടെ പേരിലുള്ള ഈ സർവകലാശാലയിൽ നിന്നുമാണ് ഇപ്പോൾ കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരന്തരമായി ജാതി അധിക്ഷേപങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിൻ്റെ പുതിയ തെളിവാണ് ഡോ സനൽ മോഹനെപ്പോലെ ലോകം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനു നേരെയും ഉയരുന്ന ആക്രമണങ്ങൾ. മാത്രമല്ല ഗവേഷണവിഷയത്തിന്റെ കാര്യത്തിൽ നവീനമായ ആശയങ്ങൾ സ്വീകരിക്കാനുള്ള പ്രതിഭാശാലികളായ ധീരമായ ചുവടുവെയ്പുകളെ ഒരു പടി പിന്നിലാക്കാനേ ഇത്തരം ഉപജാപകസംഘങ്ങളുടെ പ്രവർത്തനങ്ങൾ ഉപകരിക്കുകയുള്ളൂ.

സ്റ്റുഡൻ്റ്സ് ഫോർ ഫ്രീഡം

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913