സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ച് രാവിലെ 10.30നാണ് സുപ്രധാന വിധി പറയുക . ജസ്റ്റിസ് ഖാൻവിൽക്കർ ഒഴികെയുള്ളവർ പ്രത്യേകം വിധിന്യായമെഴുതും.
പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കിൽ അവൾക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിനും പ്രാർത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആർത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാർമ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. വിധി ഭരണഘടനാ ധാർമ്മികതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അല്ലാതെ സോഷ്യൽ മൊറാലയിറ്റിയോ ആചാരങ്ങളോ അടിസ്ഥാനപ്പെടുത്തി ആയിരിക്കില്ല എന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.അങ്ങനെയെങ്കിൽ ഹർജിക്കാർക്ക് അനുകൂലമായിത്തന്നെയാകും വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് ഹർജി നൽകിയത്.