Sat. Nov 21st, 2026

ശ്രീനാരായണീയർ ആരുടെയും ചവിട്ടടിയിൽ കഴിയാതെ സ്വതന്ത്രരായി നിൽക്കാൻ ഹിന്ദുമതം ഉപേക്ഷിച്ച് ശ്രീനാരായണമതം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുകയും സവർണ്ണരുടെ അക്രമങ്ങളെ നേരിടാൻ ധർമ്മഭടസംഘം രൂപീകരിക്കുകയും ചെയ്ത ബോധാനന്ദ സ്വാമിയുടെ സമാധി ദിനമാണ് ഇന്ന്. കൊല്ലവര്‍ഷം 1101ല്‍ ശ്രീനാരായണ ഗുരു നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വർക്കല ശിവഗിരിമഠത്തിൽ താമസിക്കുന്ന തൻറെ ശിഷ്യൻ ബോധാനന്ദൻറെ പേരിലാണ് പിന്നീട് ഒട്ടേറെ കോടതി വ്യവഹാരങ്ങൾക്ക് കാരണമായി തീർന്ന തൻറെ 12ാം നമ്പര്‍ വില്‍പത്രം രജിസ്റ്റർ ചെയ്തിരുന്നത്.

കൊല്ലവര്‍ഷം 1101ല്‍ ശ്രീനാരായണ ഗുരു നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വർക്കല ശിവഗിരിമഠത്തിൽ താമസിക്കുന്ന തൻറെ ശിഷ്യൻ ബോധാനന്ദൻറെ പേരിൽ രജിസ്റ്റര്‍ ചെയ്ത 12ാം നമ്പര്‍ വില്‍പത്രം ഇങ്ങനെയാണ്…

ഈ വിൽപത്രം നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റർ ചെയ്ത ശേഷം ശിവഗിരിമഠത്തിൽ തിരിച്ചുവന്ന ഗുരു ബോധാനന്ദനെ അടുത്ത് വിളിച്ച് ഇങ്ങനെ ചോദിക്കും “ഒരു സന്യാസിയാകാൻ വേണ്ട ഏറ്റവും വലിയ ഗുണം എന്താണ്?” എന്ന്

“ത്യാഗം” എന്ന് ബോധാനന്ദൻ ഉടൻ മറുപടി പറയും.

“ശരി ഒരു ത്യാഗിയായി നിനക്കിവിടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ നീ എന്ത് ചെയ്യും?” എന്നതായിരുന്നു ഗുരുവിൻറെ അടുത്ത ചോദ്യം.

അതിന് പക്ഷേ ബോധാനന്ദന് പെട്ടന്ന് ഉത്തരം കിട്ടിയില്ല. ഗുരു രണ്ടുതവണ കൂടി എടുത്തെടുത്ത് ചോദിക്കും ‘പറയൂ നീ എന്ത് ചെയ്യും?’

അപ്പോഴും ബോധാനന്ദൻ ഉത്തരം പറയായ്കയാൽ ഗുരു തന്നെ ഉത്തരവും പറഞ്ഞിരുന്നു എന്ത് ചെയ്യണമെന്ന്.

“അന്ന് നീ ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം” എന്നായിരുന്നു ഗുരു ബോധാനന്ദന് നൽകിയ ഉത്തരം. ഇത് ഗുരു കേവലം ബോധാനന്ദനോട് മാത്രം പറഞ്ഞതല്ല.അത് കേൾക്കാത്തതാണ് അതിന് ശേഷവും ഇന്നും ശിവഗിരിമഠത്തിലെ സകല പ്രശ്നങ്ങൾക്കും കാരണം. സത്യവൃത സ്വാമികളെക്കുറിച്ച് സഹോദരനോട് ‘സത്യവ്രതനെക്കണ്ടു പഠിക്കൂ സത്യവ്രതന് അശേഷം ജാതിയില്ല, നമുക്ക് പോലും അത്രയ്ക്ക് ജാതിപോയിട്ടില്ല” എന്ന് പറഞ്ഞിട്ടുള്ളതുപോലെ “ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ” എന്നും ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിൻറെ ഈ വാക്കുകളിൽനിന്നുതന്നെ ബോധാനന്ദസ്വാമികളുടെ മഹത്ത്വം വെളിവാകുന്നുണ്ടല്ലോ?

ഗുരു ആദ്യം തൻറെ അനന്തരഗാമിയായി കണ്ടിരുന്ന ചിന്ന സ്വാമി (കുമാരൻ ആശാൻ) രണ്ട് പ്രേമങ്ങൾ കഴിഞ്ഞു ഭാനുമതി അമ്മയുമായി വിവാഹ ജീവിതത്തിലേക്കുപോയപ്പോൾ പിന്നീട് മനസ്സിൽ കരുതിവെച്ചത് കെ. അയ്യപ്പനെ ആയിരുന്നു. അയ്യപ്പൻ പാർവതിയുമായി പ്രണയത്തിലാവുകയും ഗുരുവിൻറെ ആ ഭിലാഷവും വൃഥാവിലാവുകയും ആയിരുന്നു. ഗുരു തൻറെ ഈ ആഗ്രഹം പലരോടും സൂചിപ്പിച്ചിരുന്നതായും എന്നാൽ അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവതിയുമായി അയ്യപ്പനും പ്രണയത്തിലായിരുന്നു എന്നും ഇല്ലെങ്കിൽ അയ്യപ്പനെന്ന നാസ്തിക സന്യാസി ശിവഗിരി മാഠാധിപതിയായി കാവിയും ഉടുത്തു നടക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ. അതിനുള്ള ഭാഗ്യം നമുക്ക് നഷ്ടപ്പെട്ടത് ഈ പ്രേമത്തിലൂടെയാണെന്ന് കുറ്റിപ്പുഴ സഹോദരൻറെ സപ്തതി ആഘോഷ ചടങ്ങിൽ പ്രസംഗിച്ചിരുന്നു.സഹോദരൻ അയ്യപ്പൻ തീയ യുവജന സംഘം സെക്രട്ടറി ആയിരിക്കുമ്പോൾ തീയ മഹാസഭയുടെ പ്രസിഡന്റ് അയ്യാക്കുട്ടി ജഡ്‍ജി ആയിരുന്നു. ആ സമയത്ത് അയ്യാക്കുട്ടിജഡ്ജിയുടെ വീട്ടിൽ പോകുമായിരുന്നു, പർവതിയുമായി സൗഹൃദത്തിലായതും പ്രണയത്തിലായതും അങ്ങിനെയാണ്.  (കുറ്റിപ്പുഴയുടെ സഹോദരൻറെ സപ്തതി  പ്രഭാഷണം നോക്കുക.)

അങ്ങനെ അദ്ദേഹം മനസിൽ കരുതിയിരുന്ന രണ്ടും പ്രേമിച്ചു കുടുംബജീവിതത്തിലേക്ക് ‘പോയതിന്’ ശേഷം ഗുരു തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തത് ഇവനൊക്കെ (നായർ , നമ്പൂതിരി) ” ഹോയ് ഹോയ് ” എന്ന് വിളിക്കുമ്പോൾ അവന്റെയൊക്കെ ചെകിട്ടത്ത് ” ഠോ .. ഠോ ” എന്ന് പൊട്ടിക്കണം എന്ന് പറഞ്ഞ “ബോധാനന്ദ സ്വാമിയെയായിരുന്നു. അവസാനശിഷ്യൻ ആനന്ദ തീർത്ഥസ്വാമിയെപ്പോലെതന്നെ ഗുരുവിൽ സമർപ്പിച്ചതായിരുന്നു ആ ജീവിതം. നാരായണഗുരു നേരിട്ട് സന്യാസം കൊടുത്ത അവസാന ശിഷ്യൻ ആനന്ദ തീർത്ഥനെയും തൻറെ പിൻഗാമിയായി തിരഞ്ഞെടുത്ത ബോധാനന്ദനെയും നിരീക്ഷിച്ചാൽ ഗുരു അവസാന നാളുകളിൽ എന്താണ് ചിന്തിച്ചിരുന്നതെന്ന് വ്യക്തമാകും.


ഉത്തമനായ സന്യാസി എന്നതോടൊപ്പം ശിവഗിരി മഠത്തിന് നല്ല ഒരു മാനേജ്മെന്റ് വിദഗ്ദ്ധനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം എന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ചുകൊണ്ട് ആദ്യമായി ബാങ്കിംഗ് മേഖലയിൽ പ്രവേശിക്കുകയും സവർണ്ണരുടെ അക്രമങ്ങളെ നേരിടാൻ ധർമ്മഭടസംഘം രൂപീകരിക്കുകയും ചെയ്തത് ബോധാനന്ദ സ്വാമിയായിരുന്നു. 1922 കാലഘട്ടത്തിലാണ് 10 ലക്ഷം രൂപ സമാഹരിച്ച് കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു.
ശ്രീനാരായണീയർ ആരുടെയും ചവിട്ടടിയിൽ കഴിയാതെ സ്വതന്ത്രരായി നിൽക്കാൻ ഹിന്ദുമതം ഉപേക്ഷിച്ച് ശ്രീനാരായണമതം സ്ഥാപിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ശ്രീനാരായണഗുരുവിൻറെ അനന്തരഗാമിയെന്നനിലയിൽ 1926 ൽ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഇരുപത്തിമൂന്നാം വാർഷികയോഗത്തിൽ ബോധാനന്ദ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. പക്ഷേ ഗുരു മരിച്ചതിൻറെ മൂന്നാം ദിവസം ബോധാനന്ദസ്വാമിയുംമരിച്ചു. അർദ്ധരാത്രി സമയത്ത് 7 തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ച് തറ്റുടുത്ത് മിന്നിതിളങ്ങുന്ന കാഠാര കണ്ട് കൈമുറിച്ച് രക്തം തെട്ട്സ്വാമികൾ പ്രതിജ്ഞ എടുപ്പിക്കും- “എന്നേക്കാൾ മീതെ ഒരു ജാതിഇല്ല. എന്നെക്കാൾ കീഴെയും ഒരു ജാതിയുമില്ല. ജാതിയെ ഇല്ലാതാക്കാൻ എൻ്റെ ജീവനെ ബലിയർപ്പിക്കുന്നു.” (ഈ വാചകമാണ് സഹോദരൻറെ നിയമസഭാ പ്രസംഗത്തിലും ഉള്ളത്)

പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ധർമ്മഭടസംഘത്തിനുണ്ടായിരുന്നു. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുവാൻ വലിയ ത്യാഗവും സേവനവുമാണ്‌ ധർമ്മഭടസംഘം നിർവഹിച്ചത്‌.

1104 കന്നി 5 ന് ശ്രീനാരായണ ഗുരു മരിച്ച വിവരമറിഞ്ഞ് ശിഷ്യൻ ജ്വരബാധിതനായി ചിറയൻകീഴ് ആശുപത്രിയിലായി. മഹാസമാധി വൃത്താന്തം അകാല തിമിരം ബാധിച്ച അനുഭവമാണ് സ്വാമിയിലുളവാക്കിയത്. കണ്ണടച്ച് അദ്ദേഹം കുറെ നേരം കിടന്നു. പിന്നീട് കന്നി 7 ന് ബോധനന്ദ സ്വാമിയുടെ നേതൃത്വത്തിൽതന്നെ ഗുരുവിൻ്റെ സമാധി ഇരുത്തൽ ചടങ്ങുകൾ നടന്നു.
കന്നി 8 സെപ്ത ബർ 23 ഞായറാഴ്ച്ച സായം കാലത്ത് ആ മഹാശിഷ്യൻ അല്ല – മഹാഗുരു ശിഷ്യൻമാരെയെല്ലാം വിളിച്ചു വരുത്തി ശിവഗിരി മഠത്തിന്റെ അനന്തര നടപടികൾ ഓരോന്നും ആലോചിച്ചുറപ്പിച്ചു. തന്നെ അനന്തരഗാമിയായി അഭിഷേകം ചെയ്തപ്പോൾ തന്നെ “ഗുരുവിൻ്റെ കാലശേഷം എനിക്കിവയെന്നും നോക്കാൻ സാധിക്കുകയില്ല എന്ന് “ അദ്ദേഹം പറഞ്ഞിരുന്നു. അന്നേദിവസം തന്നെ 1104 കന്നി 8 ഞായറാഴ്ച്ച രാത്രി 8.30. ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
“സാക്ഷാൽ ജ്ഞാനദയാ സിന്ധുവാകുമ
ഗുരുമൂർത്തി തൻ അനഘം
ഗുണ സജ്ഞാതം പകരും
സ്വാമി അങ്ങയിൽ “

എന്ന് സഹോദരനയ്യപ്പൻ ബോധാനന്ദ സ്വാമികളെ കുറിച്ച് എഴുതിയത് എത്രയോ ശരി.

ശ്രീ ബോധാനന്ദ സ്വാമികൾ ജീവിത രേഖ

ദിവ്യശ്രീ ബോധനന്ദ സ്വാമികളുടെ സ്വദേശം തൃശൂർ ചിറയ്ക്കൽ ദേശത്ത് ഈഴവ പറമ്പ് തറവാട്. ജനനം 28/O1/1885 പുണർതം നക്ഷത്രത്തിൽ. സമാധി 23, 09/1928 ശിവഗിരിയിൽ വച്ച്.

ശ്രീനാരായണ ഗുരുവിന്റെ അനന്തര ഗാമിയാകുവാൻ പരമഭാഗ്യം ലഭിച്ച മഹാപുരുഷനാണ് ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. സ്വാമികൾ തൻ്റെ 17ാംവയസ്ലിൽ സർവ്വതും ഉപേക്ഷിച്ചു ഹിമാലയത്തിൽ പോയി തപസ്ലുചെയ്തു ജഞാനിയായി, ബോധാനന്ദ സ്വാമികളായിമാറി. അവശജനോദ്ധാരണത്തിനായി സ്വാമികൾ സ്ഥാപിച്ച ധർമ്മഭട സംഘം ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു.

സംഘടനാബോധം, അനാചാര ധ്വംസനം എന്നി കാര്യങ്ങളിൽ മഹത്തായ സംഭാവന ചെയ്ത സ്വാമികളുടെ വിപ്ലവ പ്രസ്ഥാനം കൃഷ്ണാനന്ദ സ്വാമി, ഹനുമാൻ ഗിരി സ്വാമികൾ വിദ്യാനന്ദ സ്വാമി തുടങ്ങിയ ശിഷ്ടർമാരോടൊപ്പം ശാരദ പ്രതിഷ്ഠനടന്ന ദിവസം ശ്രീ നാരായണ പ്രസ്ഥാനത്തിൽ വിലയം പ്രാപിച്ചു.

തൃശൂർ ശ്രീ നാരായണ ഭക്തി പരിപാലന യോഗം. കൊച്ചി തീയ മഹാജനസഭ, പിന്നീട് കൊച്ചി എസ് എൻ ഡി പി യോഗം കൊച്ചി നാഷണൽ ബാങ്ക് എന്നിവ സ്വാമികൾ സ്ഥാപിച്ച പ്രസ്ഥാനങ്ങളാണ്. 

1104 കന്നി 5 ന് ശ്രീനാരായണ ഗുരു സമാധി പ്രാപിച്ചപ്പോൾ ശിഷ്യൻ ജ്വരബാധിതനായി ചിറയൻകീഴ് ആശുപത്രിയിലായി. കന്നി 7 ന് ബോധനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ഗുരുവിൻ്റെ സമാധി ഇരുത്തൽ കർമ്മങ്ങൾ നടന്നു. 1104 കന്നി 8 സെപ്ത ബർ 23 ഞായറാഴ്ച്ച കാലത്ത് അദ്ദേഹം ശിഷ്യൻമാരെയെല്ലാം വിളിച്ചു വരുത്തി അനന്തര നടപടികൾ ഓരോന്നും ആലോചിച്ചുറപ്പിച്ചു. ഗുരുവിൻറെ മരണശേഷം ആദ്യത്തെയും ബോധാനന്ദ സ്വാമിയുടെ അവസാനത്തെയും ധർമ്മസംഘം ട്രസ്റ്റ് യോഗമായിരുന്നു അത്. എന്നാൽ അന്നേദിവസം രാത്രി 8.30. ന്  ബോധാനന്ദ സ്വാമികളും ഓർമ്മയായി.