Sun. Nov 22nd, 2026

ശ്രീനാരായണമതത്തിന്റെ ആവശ്യവും പ്രസക്തിയും ആധുനികകാലം ആവശ്യപ്പെടുന്നുണ്ടെന്ന് ശിവഗിരി മഠം. ശിവഗിരിയിൽ നാരായണഗുരുവിൻറെ മഹാസമാധി നവതിയുടെ ഭാഗമായി നടന്നുവരുന്ന ആചാര്യസ്മൃതി സമ്മേളനത്തിൽ ബോധാനന്ദസ്വാമി ദിന സമ്മേളനത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഉയർന്നുവന്നത്. ശ്രീനാരായണീയർ ആരുടെയും ചവിട്ടടിയിൽ കഴിയാതെ സ്വതന്ത്റരായി നിൽക്കാൻ ശ്രീനാരായണ മതം സ്ഥാപിക്കണമെന്ന ബോധാനന്ദ സ്വാമികളുടെ ആശയത്തിന് പ്രസക്തി വർദ്ധിക്കുകയാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ബോധാനന്ദ സ്വാമിയുടെ ജീവിതം ത്യാഗത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് ചേർത്തല വിശ്വഗാജീമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ പറഞ്ഞു. മഹാസമാധിയുടെ നവതിആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ആചാര്യസ്മൃതി സമ്മേളനത്തിൽ ബോധാനന്ദസ്വാമി ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധർമ്മഭടസംഘം രൂപീകരിച്ച ബോധാനന്ദ സ്വാമി ശ്രീനാരായണമതം സ്ഥാപിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാം ദിവസം ബോധാനന്ദസ്വാമിയും സമാധി അടഞ്ഞു. അങ്ങനെ ഗുരുദേവനോടൊപ്പം മോക്ഷപതത്തിലെത്താൻ കഴിഞ്ഞ സുകൃതശാലിയാണ് ബോധാനന്ദസ്വാമി എന്നും സ്വാമി അസ്പർശാനന്ദ പറഞ്ഞു.

ഗുരുദേവൻ തന്റെ പിൻഗാമിയായി അവരോധിച്ചത് ബോധാനന്ദ സ്വാമിയെയായിരുന്നു.ഗുരുവിൽ സമർപ്പിച്ചതായിരുന്നു ആ ജീവിതം. ഉത്തമനായ സന്യാസി എന്നതോടൊപ്പം മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ചുകൊണ്ട് ആദ്യമായി ബാങ്കിംഗ് മേഖലയിൽ പ്രവേശിക്കുകയും കൊച്ചിയിലും മലബാറിലും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടതും അദ്ദേഹമായിരുന്നു.

വിപ്ലവ കൊടുങ്കാറ്റായിരുന്നു ബോധാനന്ദസ്വാമി എന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച ധർമ്മഭടസംഘത്തിനു തുല്യമായി ജാതിക്കെതിരെ പോരാടിയ മറ്റൊരു പ്രസ്ഥാനവും കേരളചരിത്രത്തിലില്ല. 1922 കാലഘട്ടത്തിലാണ് 10 ലക്ഷം രൂപ സമാഹരിച്ച് കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ചത്. ശ്രീനാരായണ മതം സ്ഥാപിക്കണമെന്ന പക്ഷക്കാരനായ ബോധാനന്ദ സ്വാമികളുടെ ദീർഘദൃഷ്ടി വളരെ വലുതായിരുന്നു. ശ്രീനാരായണമതത്തിന്റെ ആവശ്യവും പ്രസക്തിയും ആധുനികകാലം ആവശ്യപ്പെടുന്നുണ്ടെന്ന സത്യം വിസ്മരിക്കാവുന്നതല്ലെന്നും സച്ചിദാനന്ദ പറഞ്ഞു.

കുമിളി ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശം സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംബന്ധിച്ചു.

എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയൻ പ്രസിഡന്റ് സദാനന്ദൻ, സെക്രട്ടറി ജയകുമാർ, തളിപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഗംഗാധരൻ, സെക്രട്ടറി വി.പി.ദാസൻ, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ താടിസുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ശാഖാപ്രവർത്തകർ ശിവഗിരിയിലെത്തി മണ്ഡലമഹാപൂജയിലുംഅഖണ്ഡനാമജപയജ്ഞത്തിലും പങ്കെടുത്തു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622