Sat. Nov 21st, 2026

ഫ്രാങ്കോ ബിഷപ്പിൻറെ അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നാണ് ചിലർ ചോദിക്കുന്നത് ആ ചോദ്യത്തിൽ യാ ദൃച്ഛികതയല്ലയെന്ന് കെ.ആർ.മീര. ഇതേ ചോദ്യമാണ് പതിനാറാം വയസിൽ നാൽപത് ദിവസത്തോളം ബലാൽസംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെൺകുട്ടിയോടും ചോദിച്ചത്.മുൻ ജലന്ധർ ബിഷപ്പിന്റെ അതിക്രമങ്ങളെ അതിജീവിച്ച് നിയമവഴികളിലൂടെ സഞ്ചരിച്ച് നീതി ഉറപ്പാക്കിയ കന്യാസ്ത്രീയോട് കത്തോലിക്കാ സമൂഹം ഉന്നയിക്കുന്ന സംശയങ്ങളെ വിമർശിച്ച് കൊണ്ട് സാഹിത്യകാരി കെ. ആർ.മീര.

മഠത്തിൽ ചെറിയപ്രായത്തിൽ ചേരുന്ന പെൺകുട്ടികൾ നിയമപരമായി വെറും ബാലിക മാത്രമാണ്. അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവിടെയുള്ള കന്യാസ്ത്രീകളും വൈദികരുമാണ്. അത്കൊണ്ട് അവൾക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കിൽ അതിന്റെ ഉത്തരം നൽകാൻ സഭയ്ക്കും പിതാക്കൻമാർക്കുമാണു ബാധ്യതയെന്നും കെ.ആർ. മീര ഫെയ്‌സ്‌ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നും അതിക്രമം ആരോപിക്കപ്പെട്ടയാളോടൊപ്പമുള്ള ഫോട്ടോകളിൽ എന്തുകൊണ്ടു പൊട്ടിക്കരഞ്ഞില്ല എന്നുമുള്ള ചോദ്യങ്ങൾ തന്നെയാണ് പതിനാറാം വയസ്സിൽ നാൽപതു ദിവസം ബലാൽസംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെൺകുട്ടിയോടു ചോദിക്കപ്പെട്ടതും എന്നതു യാദൃച്ഛികതയല്ല.<

കാരണം, 15;16 വയസ്സാണ് മഠത്തിൽ ചേരുന്ന പെൺകുട്ടികളുടെ ശരാശരി പ്രായം.
പരമാവധി പതിനെട്ടു വയസ്സ്.
നിയമപരമായി, വെറും ബാലിക.
അതിനുശേഷം അവളുടെ ജീവിതം മഠത്തിനുള്ളിലാണ്.
മാമ്മോദീസാ ചടങ്ങു മുതൽ അവളുടെ വിദ്യാഭ്യാസം മുഴുവൻ മുതിർന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേൽനോട്ടത്തിലാണ്.
അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.
അവൾ പുറംലോകത്തോട് ഇടപഴകുന്നതും സഞ്ചരിക്കുന്നതും എന്തിന് ചിന്തിക്കുന്നതു പോലും അവരുടെ നിയന്ത്രണത്തിലാണ്.
മഠത്തിൽ ചേർന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വർഷങ്ങളിൽ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട് അനുസരണക്കേട് പാപമാണ് എന്നാണ്.
അതുകൊണ്ട്,
അവളുടെ നിയമബോധം ശരിയല്ലെങ്കിൽ
അവളുടെ സ്വാതന്ത്ര്യബോധം പൂർണ്ണമല്ലെങ്കിൽ
അവൾക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കിൽ
പീഡിപ്പിച്ചയാളാണെങ്കിലും ഇടയനോടൊപ്പം നിൽക്കുമ്പോൾ ആട്ടിൻകുട്ടിയുടെ വിധേയത്വം പ്രകടിപ്പിക്കാതിരിക്കാൻ ആത്മബലമില്ലെങ്കിൽ
അതിന് അവളെ പ്രാപ്തയാക്കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സഭയ്ക്കും പിതാക്കൻമാർക്കുമാണു ബാധ്യത.
കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിവാഹിതയും അമ്മയുമായിരുന്നു.
മദർ ഏലീശ്വ.
ഭർത്താവിൻറെ മരണശേഷം അവർ കന്യാസ്ത്രീയായി.
അവരുടെ മകൾ അന്നയും കന്യാസ്ത്രീയായി.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു മദർ ഏലീശ്വയുടേത്.
മദർ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങൾ പഠനവിഷയമാക്കേണ്ടതാണ്.
മനുഷ്യരെ വരിക്കാനുള്ള പ്രായപരിധി 21 ആയിരിക്കെ, ദൈവത്തെ വരിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ചോ മുപ്പതോ ആക്കേണ്ടതല്ലേ?
ദൈവത്തെ മനസ്സിലാക്കുന്നതിനും മുമ്പ് കർത്താവിന്റെ മണവാട്ടി സ്വയം മനസ്സിലാക്കണമല്ലോ?

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622