20 വർഷങ്ങൾക്കിക്ക് മുൻപ് കോഴിക്കോട് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠത്തിലെ കിണറ്റിൽ മരിച്ചു കിടന്ന സിസ്റ്റർ ജ്യോതിസിൻ്റെ കേസിൽ തുടരന്വേഷണം നടത്താൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. നേരത്തെ ആത്മഹത്യ എന്ന് ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസാണ് വീണ്ടും അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. സിസ്റ്റർ ജ്യോതിസിൻ്റെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
1998ലെ നവംബര്‍ 20നായിരുന്നു സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റിൽ സിസ്റ്റര്‍ ജ്യോതിസ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സിസ്റ്റര്‍ക്ക് പ്രായം വെറും 21 വയസ്സ്. മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞുവെങ്കിലും അതത്ര വിശ്വസനീയമായിരുന്നില്ല. സിസ്റ്റര്‍ ജ്യോതിസ്സിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായൊന്നും സംഭവിച്ചില്ല. ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് വിധിയെഴുതി.
എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും കുടുംബം ഉറച്ച് വിശ്വസിക്കുന്നു. പൊലീസ് അന്വേഷണത്തിന് എതിരെ സിസ്റ്ററുടെ അച്ഛന് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിനൊടുവിൽ ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലുകൾ ക്രൈ ബ്രാഞ്ച് ശരി വെച്ചു. ആത്മഹത്യ തന്നെയാണ് ഇതെന്ന് ക്രൈംബ്രാഞ്ചും വിധിയെഴുതി. അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചുവെങ്കിലും അത് കോടതി പരിഗണിച്ചില്ല. ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ അതോടെ അസ്തമിച്ചു.
മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ക്ക് മുന്നിലെല്ലാം ഈ കുടുംബം പരാതിയുമായി ചെന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെ നിരാശരായി ഇവര്‍ നിയമപോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിസ്റ്റര്‍ ജ്യോതിസിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന് എന്ന സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ചർച്ചയാവുന്നത്. ഡിജിപി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന്റെ ഭാഗമായി കന്യാസ്ത്രീയുടെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. പരാതിക്കാരനായ ജോര്‍ജ് മാളിയേക്കലിന്റെയും മൊഴി എടുത്തിട്ടുണ്ട്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913