Sat. Nov 21st, 2026

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ 104 ചോദ്യങ്ങളിലാണ് ബിഷപ്പിൽ നിന്നും സംഘം വിശദീകരണം തേടിയത്. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. സ്വന്തം കാറിൽ പൊലീസ് സുരക്ഷയോടെ മടങ്ങിയ ബിഷപ്പിന് നേരെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടികളുമായി പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.

കരിങ്കൊടികളുമായി മാദ്ധ്യമ പ്രവർത്തകർക്കിടയിൽ ഒളിച്ചിരുന്ന ഇവർ പൊലീസുകാരെ ഞെട്ടിച്ച് കൊണ്ട് ചാടിവീഴുകയായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, ബിഷപ്പിനെ പൊലീസ് സംരക്ഷിക്കരുതെന്നും ഇവർ മുദ്രാവാക്യം വിളിച്ചു. കാർ തടയാൻ ശ്രമിച്ച പ്രവർത്തകർക്കിടയിൽ നിന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് ബിഷപ്പിനെ പുറത്തെത്തിച്ചത്.എ.ഐ.വൈ.എഫ് സംസ്ഥാന ഘടകം പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ബിഷപ്പിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി.

അതേസമയം, ഫ്രാങ്കോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തില്ലെന്നും നാളെയും ചോദ്യം ചെയ്യൽ തുടരുമെന്നും കോട്ടയം എസ്.പി ഹരിശങ്കർ വ്യക്തമാക്കി. നാളെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ ബിഷപ്പിന്റെ മെഡിക്കൽ പരിശോധന നടത്താൻ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയ മെഡിക്കൽ, ഫോറൻസിക് വിദഗ്ദ്ധരെ ഇതിനോടകം തന്നെ തിരിച്ചയച്ചിട്ടുണ്ട്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മിക്ക തെളിവുകളും എഡിറ്റ് ചെയ്‌ത് ഉണ്ടാക്കിയതാണെന്നുമാണ് ബിഷപ്പിന്റെ വാദം. പരാതിക്കാരിയായ കന്യാസ്ത്രീ ഭാവഭേദമൊന്നുമില്ലാതെയാണ് തന്നോട് ഇടപെടാറുള്ളതെന്നും ഫ്രാങ്കോ ആരോപിക്കുന്നു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമുണ്ട്. താൻ നിരപരാധിയാണെന്നും ബിഷപ്പ് വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ പൊലീസ് ക്ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്.

പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ കുറുവിലങ്ങാട്ടെ മഠത്തിൽ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയായിരുന്നു. അതിനാൽ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നിൽ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

അതേസമയം, 500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലി പ്രകാരം തന്നെ മറുപടികൾ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് ക്ളബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. 10 മണിക്ക് എത്താനാണ് പൊലീസ് നിർദ്ദേശിച്ചിരുന്നതെങ്കിലും 11 മണിക്ക് മാത്രമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യൽ മുഴുവൻ കാമറയിൽ പകർത്തുന്നുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913