Sun. Nov 22nd, 2026

കപട മതേതര പുരോഗമന നാട്യക്കാരെ തിരിച്ചറിയണമെന്ന് പ്രശസ്ത എഴുത്തുകാരി ഡോ.എസ്.ശാരദക്കുട്ടി. 2019 ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കിൽ, ഒന്നോർക്കണംമതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകൾ ഇനി പറയരുതെന്നും ശാരദക്കുട്ടി തുറന്നടിച്ചു. നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കി കളയുന്ന മൂന്നു തുള്ളി കൊടുംവിഷമാണ് ബിഷപ്പ് ഫ്രാങ്കോ, പി.കെ.ശശി, പി.സി.ജോർജ്ജ് എന്നിവരെന്നും, അവരുടെയൊക്കെ വലിയ വോട്ടിനോളം വില എന്നെപ്പോലുള്ളവരുടെ ചെറിയ വോട്ടിനും അവകാശപ്പെട്ടതാണെന്നും ശാരദക്കുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിഷപ്പ് ഫ്രാങ്കോ, പി.കെ.ശശി, പി.സി.ജോർജ്ജ് മൂന്നു പേരും ഫലത്തിൽ ചെയ്യുന്നത് ഒരേ കാര്യം. മൂന്നു പേരെയും ആ കസേരകളിൽ നിന്നിറക്കി വിടണം. ശിക്ഷിക്കണം. അതല്ലാതെ വെറുതെ മതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകൾ പറയരുത്.

2019 ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കിൽ, ഒന്നോർക്കണം. ആയിരം തേൻ തുള്ളികളുണ്ടാകാം അവകാശപ്പെടാൻ. പക്ഷേ അതിലേക്ക് ഒരു തുള്ളി വിഷം വീണാൽ മുഴുവൻ കമിഴ്ത്തിക്കളയേണ്ടി വരും. ഈ മൂന്നു തുള്ളി കൊടുംവിഷം നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കിക്കളയും. അവരുടെയൊക്കെ വലിയ വോട്ടിനോളം വില എന്നെപ്പോലുള്ളവരുടെ ചെറിയ വോട്ടിനും അവകാശപ്പെട്ടതാണ്. ഒരധികാരവും പദവിയുമില്ലാതെ, ഭാഷ മാത്രം കയ്യിലുള്ള ഒരാൾക്ക് ഇതിങ്ങനെ നിരന്തരം പറയാനേ കഴിയൂ.