ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എം.എൽ.എയെ ദേശീയ വനിതാ കമ്മിഷൻ ഡൽഹിയിലേക്ക് വിളിച്ച് വരുത്തും.സെപ്തംബർ 20ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മിഷൻ ജോർജിന് നൽകി. ദേശീയ വനിതകമ്മീഷൻ തന്റെ മൂക്ക് ചെത്തുമോയെന്നും ഇന്നലെ ജോർജ് പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു
നേരിട്ട് എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയർപേഴ്സൺ രേഖാ ശർമ്മ അയച്ച കത്തിൽ വ്യക്തമാക്കി. കന്യാസ്ത്രീ പി.സി.ജോർജിനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും കമ്മിഷൻ സ്വമേധയാ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
പി.സി.ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫയർ പാർട്ടി കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നിൽകിയിരുന്നു. എന്നാൽ കന്യാസ്ത്രീ പരാതി നൽകാത്തതിനാൽ കേസെടുക്കാനാവില്ലെന്ന മറുപടിയാണ് അവർക്ക് പൊലീസ് നൽകിയത്.
അതിനിടെ ഇന്നലെ കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി.സി.ജോർജ് എം.എൽ.എ രംഗത്ത് വന്നിരുന്നു.ചില അപഥ സഞ്ചാരിണികളായ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാൻ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ സമരം നടത്താതെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരം. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയർച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടിൽ വലിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി.ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോർജ് ചോദിച്ചു.
മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാൻ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി സംഘം പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ല. അദ്ദേഹത്തെ പരിചയവുമില്ലെന്നും ജോർജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാൻ ആരും വരണ്ട. ദേശീയ വനിതകമ്മീഷൻ തന്റെ മൂക്ക് ചെത്തുമോയെന്നും ജോർജ് ചോദിച്ചിരുന്നു.