പത്തനാപുരത്ത് കന്യാസ്ത്രീയെ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് അന്ത്യമായില്ല. മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അദ്ധ്യാപികയായ കൊല്ലം കല്ലട സ്വദേശിയായ സിസ്റ്റർ സൂസൻ മാത്യു(55)വിന്റെ മൃതദേഹമാണ് മഠത്തിലെ കിണറ്റിൽ ഇന്ന് രാവിലെ 10.30ഓടെ കണ്ടെത്തിയത്.
കഴിഞ്ഞ 25 വർഷമായി ഈ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു സൂസൻ. അതേസമയം, സൂസന്റെ മരണം കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന നിഗമനത്തിൽ പൊലീസിന് എത്താനായിട്ടില്ല. മൃതദേഹത്തിന്റെ രണ്ട് കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു. ബ്ളേഡ് ഉപയോഗിച്ച് മുറിച്ചതാകാമെന്നതാണ് പൊലീസിന്റെ നിഗമനം. മുറിയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാൽ കോൺവെന്റിന് 50 മീറ്റർ അകലെയുള്ള കിണറ്റിന്റെ തൂണുകളിൽ ചോരക്കറ പുരണ്ടത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കൈഞരമ്പ് മുറിച്ച ശേഷം സൂസൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.
മൃതദേഹത്തിൽ പിടിവലി നടന്നതിന്റെ പ്രകടമായ പാടുകൾ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ കൊലപാതക സാദ്ധ്യത പൊലീസ് തള്ളുന്നുമില്ല. സൂസന്റെ മുടി മുറിച്ച നിലയിലാണ് കാണപ്പെട്ടത്. ഇത് പൊലീസിനെ കുഴക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ യഥാർത്ഥ മരണകാരണം അറിയാനാകൂ. ഇൻക്വസ്റ്റിൽ കാണാതെ പോയേക്കാവുന്ന മുറിവുകൾ ചിലപ്പോൾ പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്താനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല, തലയ്ക്കോ മറ്റോ ക്ഷതമേറ്റിട്ടുണ്ടെങ്കിൽ അതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറിയാനാകും. നിലവിൽ അസ്വാഭാവിക മരണമെന്ന വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
അന്തേവാസികളായ മറ്റ് കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂസൻ അടുത്തിടെ വിഷാദത്തിലായിരുന്നെന്ന് അന്തേവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പരിശോധനകൾക്കു പോയിരുന്നതായും തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നതായും വിവരം ലഭിച്ചു. അടുത്തിടെ മഠത്തിൽ വന്നുപോയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.