Wed. Nov 25th, 2026

കന്യാസ്ത്രീകൾക്കെതിരെ പരസ്യമായി അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മിഷൻ രംഗത്ത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ അടക്കമുള്ളവർക്കെതിരെ പി.സി ജോർജ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.

പി.സി ജോർജ് എം.എൽ.എ മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.അസഭ്യ വർഷം നടത്തുന്നതിൽ എം.എൽ.എ മിടുക്കനാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമർശങ്ങൾ നിയമസഭാ സാമാജികർ നടത്തുന്നതു കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു’. ജോർജിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതുമെന്നും രേഖാ ശർമ പറഞ്ഞു.

പരാതി ഉണ്ടായിരുന്നെങ്കിൽ കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നുമാണ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

അതേസമയം, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ പി.സി ജോർജ് എം.എൽ.എയ്ക്കെതിരെ പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചിരുന്നു. ജോർജിനെതിരെ നിയമസഭാ സ്പീക്കർക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നൽകുമെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ അറിയിച്ചത്.