Sun. Nov 22nd, 2026

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അതേസമയം ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തത് പരശുറാം വാഗ്മരെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു ഗൗരിയുടെ വീട്ടില്‍ നിന്ന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യവും അന്വേഷണ സംഘം പുനരാവിഷ്‌കരിച്ച കൊലപാതക ദൃശ്യവും ഒത്തു നോക്കി നടത്തിയ ഫോറന്‍സിക് അനാലിസിസിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

കുറ്റവാളികളുടെ വിഡിയോ ദൃശ്യങ്ങളും കാലടയാളങ്ങളും, പാദരക്ഷകളും,നടക്കുന്നതിന്റെ രീതിയുമൊക്കെ അവലോകനം ചെയ്ത് കുറ്റം തെളിയിക്കുന്ന ഫൊറൻസിക് പരിശോധനയായ
‘ഗെയ്റ്റ്’ ഈ കേസ് അന്വേഷണത്തിൽ പ്രയോജനപ്പെടുത്തിയിരുന്നു.18 വർഷം മുൻപ് യുകെയിലാണ് ആദ്യമായി പരീക്ഷിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മുഖഭാവം പതി‍ഞ്ഞില്ലെങ്കിൽ പോലും, ഒരാൾ നടക്കുന്നതോ ഓടുന്നതോ സൂക്ഷ്മമായി പരിശോധിച്ച് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാനാകും. ഒരാളുടെ നടത്തയുടെ ശൈലി, ശരീര ചലനങ്ങളുടെ രീതി എന്നിവയാണ് ഗെയ്റ്റ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്ക് മുന്നില്‍വെച്ച് കൊല്ലപ്പെടുന്നത്.തീവ്രഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത ഗൗരിയുടെ കൊലപാതകത്തിന് പിന്നിലും അതേ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന തെളിവുകളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്.

രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു ലഭിച്ച ആറു സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യവും എസ്ഐടി പുനഃസൃഷ്ടിച്ച കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുമാണ് ഗെയ്റ്റ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഗൗരിക്കു നേരെ വെടിയുതിർത്തത് താനാണെന്ന് അറസ്റ്റിലായപ്പോൾ പരശുറാം വാഗ്മർ മൊഴി നൽകിയിരുന്നു.

ഗൗരിയെ കൊലപ്പെടുത്താനായി ബൈക്കിലെത്തിയ പരശുറാം വാഗ്മർക്കും ഗണേഷ് മിസ്കിനും പുറമെ മൂന്നു നിർമാണ തൊഴിലാളികളും ഒരു ജേണലിസം വിദ്യാർഥിയുമാണ് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നത്. ഈ നാലു സാക്ഷികളെ കൊലയാളികൾ തിരിഞ്ഞുനോക്കുന്നുണ്ട്. പരശുറാം വാഗ്മർ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നതാണ് ഇയാളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഗൗരിയുടെ വീടിനു മുന്നിൽ പരശുറാം നേരത്തേയും എത്തിയിരുന്നതായി സമീപത്തെ ഒരു വ്യാപാരി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൗരി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പരശുറാം വാഗ്മറും, സുജിത് കുമാർ എന്ന പ്രവീണും സീഗെഹള്ളിയിലെ വാടക വീടൊഴി‍ഞ്ഞെന്ന സാഹചര്യ തെളിവും എസ്ഐടിയുടെ കൈവശമുണ്ട്. വീട് വാടകയ്ക്കെടുത്ത എച്ച്.എൽ. സുരേഷ് ഇരുവരേയും തിരിച്ചറിഞ്ഞിരുന്നു.

രാജ്യം മുഴുവൻ പടർന്നുകിടക്കുന്ന തീവ്രഹിന്ദുത്വ ഗ്രൂപ്പായ സനാതൻ സൻസ്തയുടെ പ്രവർത്തകരാണു ഗൗരിയെയും നരേന്ദ്ര ധാഭോൽക്കറെയും ഗോവിന്ദ് പൻസാരെയെയും എം.എം.കൽബുറഗിയെയും വധിച്ചതെന്നും എസ്ഐടിയും മുംബൈ എടിഎസും കണ്ടെത്തിയിട്ടുണ്ട്. ധാഭോൽക്കറിനെയും ഗൗരിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന നിഗമനത്തിലാണ് എസ്ഐടി. ‌ബാലിസ്റ്റിക് പരിശോധനയ്ക്ക് തോക്ക് വിധേയമാക്കിയിട്ടുണ്ട്.

പുരോഗമനവാദികളും ചിന്തകരുമായ എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭപരിപാടികളില്‍ മുന്‍നിരയിലായിരുന്നു ഗൗരിയുടെ സ്ഥാനം.

അതേസമയം, ഗൗരി ലങ്കേഷ് വധത്തിന് ഒരു വർഷം പിന്നിടുമ്പോൾ ഗൗരിയുടെ സുഹൃത്തുക്കൾ പുതിയൊരു ടാബ്ലോയിഡ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ‘ന്യായ പാത’ എന്ന പേരിൽ ആഴ്ചതോറും പുറത്തിറക്കാൻ പോകുന്ന ഈ ടാബ്ലോയിഡ് ഗൗരിയും പിതാവും പുറത്തിറക്കിയ ആഴ്ചപ്പതിപ്പിനെപ്പോലെ പരസ്യങ്ങൾ ഒഴിവാക്കും.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622