Sat. Nov 21st, 2026

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാംമ്‌ന. പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുണ്ടെന്ന മഹാരാഷ്ട്ര പോലീസിന്റെ വാദം ഗൂഢാലോചനയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുണ്ടെന്ന പേരില്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെയും ശിവസേന നിശിതമായി വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

മാവോയിസ്റ്റുകള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശേഷിയുണ്ടെന്ന വാദം സര്‍ക്കാര്‍ അവസാനിപ്പിക്കണം. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ജനങ്ങളാണ്, നക്‌സലൈറ്റുകളോ മാവോയിസ്റ്റുകളോ അല്ലെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി അതീവ സുരക്ഷയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവന് യാതൊരു ഭീഷണിയുമില്ല. മറിച്ചുള്ള പോലീസ് വാദം ഗൂഢാലോചനയാണ്. ഇത്തരം വാദങ്ങള്‍ മോഡിയേയും ബി.ജെ.പിയേയും പരിഹാസ്യരാക്കുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ചും എഴുത്തുകാരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വസതികളിലും ഓഫീസുകളിലും വ്യാപകമായ റെയ്ഡ് നടത്തുകയും എഴുത്തുകാരന്‍ വരവര റാവു അടക്കം അഞ്ച് പേരെ പൂനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൂനെ പോലീസിന്റെ നടപടിക്കെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് എന്‍.ഡി.എ ഘടകകക്ഷി തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

വരവര റാവുവിന് പുറമെ ആക്ടിവിസ്റ്റുകളായ സുധ ഭരദ്വാജ്, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, ഗൗതം നവലഖ, അരുണ്‍ ഫെരെരിയ എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ പ്രസംഗം ഭീമ കൊറെഗോണ്‍ സംഘര്‍ഷത്തിന് കാരണമായെന്നാണ് പൂനെ പോലീസിന്റെ ആരോപണം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടുവെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആണ് പൂനെ പോലീസ് ആരോപിക്കുന്നത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622