ആലപ്പുഴ പുതുവൽ വീട്ടിൽ സജി- ലത ദമ്പതികളുടെ മകൾ കാവേരിയും തകഴി പതിനെട്ടിൽചിറ സദാനന്ദൻ-ഇന്ദിര ദമ്പതികളുടെ മകൻ സതീഷും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 19ന് വളഞ്ഞവഴി എസ്.എൻ ആഡിറ്റോറിയത്തിലാണ് നടന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ സതീഷിന്റെ വീട് വെള്ളത്തിലായിരുന്നു. അരപ്പൊക്കം വെള്ളം. ഇതോടെ കല്ല്യാണച്ചെറുക്കനും വീട്ടുകാരും കപ്പക്കടയിലുള്ള സഹോദരി ദീപയുടെ വീട്ടിലേക്ക് താമസം മാറി. പ്രതികൂല ഘടകങ്ങളെ നേരിട്ട് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തി.
പ്രളയവും പേമാരിയും കാവേരിയുടെ കല്ല്യാണം മുടക്കിയില്ലെങ്കിലും ഭർത്താവിന്റെ വീട്ടിൽ വലതുകാൽവച്ച് കയറാൻ അവസരം നൽകിയത് പതിനാറാം നാൾ! വൈകിയെങ്കിലും വധുവിന്റെഗൃഹപ്രവേശ മുഹൂർത്തം ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് ആഘോഷമാക്കി.
വിവാഹശേഷം നവദമ്പതികൾ വന്നുകയറിയതും ദീപയുടെ വീട്ടിലേക്കായിരുന്നു. സതീഷിന്റെ വീട്ടിൽ വെള്ളക്കെട്ടൊഴിയാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. പതിനാറാം ദിവസമാണ് വീട് വാസയോഗ്യമാക്കിയത്. തുടർന്ന് പുതിയ മുഹൂർത്തം നിശ്ചയിച്ച ശേഷം ഇന്നലെ ഇരുവരും സതീഷിന്റെ വീട്ടിലെത്തി. അടുക്കളകാണൽ ചടങ്ങും ഇതോടൊപ്പം നടന്നു.