Thu. Apr 25th, 2024

ഗുരുവിൻറെ മഹാസമാധിക്ക് 90 വർഷം തികയുന്ന വേളയിൽ ഗുരുവിന്റെ സ്വപ്നം നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമാകും.1924ൽ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനത്തിലാണ് മതങ്ങൾക്കതീതമായ സത്യബോധത്തിലേക്കുള്ള ഒരു വിദ്യാലയത്തെക്കുറിച്ച് ഗുരു പറഞ്ഞത്. ബ്രഹ്മവിദ്യാലയം എന്ന വിശ്വസർവകലാശാല സ്ഥാപിക്കുന്ന കാര്യം ഗുരു പ്രഖ്യാപിച്ചത്.

ശിവഗിരി ആസ്ഥാനമായി ഗുരുദേവൻ വിഭാവനം ചെയ്ത വിശ്വസർവകലാശാല സ്ഥാപിക്കാൻ ആലോചനകൾ പുരോഗമിക്കുകയാണ്. 1916ൽ ഒരു വിശ്വസർവകലാശാല എന്ന ആശയത്തിന് നാമ്പിട്ടുകൊണ്ട് അവിടെ പഠിപ്പിക്കേണ്ട ശുദ്ധവേദാന്ത ദർശനം ദർശനമാല എന്ന കൃതിയായി ഗുരു രചിച്ചു. സർവകലാശാല എന്ന ആശയം ഉയർന്നുവരുമ്പോൾ അത് എങ്ങനെയുള്ള അറിവാണ് പഠിപ്പിക്കേണ്ടതെന്ന ഗുരുവിന്റെ കാഴ്ചപ്പാട് ദർശനമാല എന്ന കൃതിയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അന്ധത്വംകൊണ്ട് പഴകിദ്രവിച്ച വിച്ച ഭാരതീയ ഭക്തിപ്രസ്ഥാനത്തെ വ്യക്തിത്വവികാസത്തിൽ അധിഷ്ഠിതമായ ഈശ്വരാന്വേഷണമാക്കി മാ​റ്റിക്കൊണ്ട് 1888ൽ തുടങ്ങിയ പ്രതിഷ്ഠാ വിപ്ളവം ഈ വിദ്യാഭ്യാസ പദ്ധതിക്കായുള്ള മുന്നൊരുക്കമായിരുന്നു. അരുവിപ്പുറത്തെ ഭേദചിന്തയില്ലാത്ത മാതൃകാ സ്ഥാനത്തിൽനിന്ന് തുടങ്ങി, എല്ലാം ഒന്നായിക്കാണാൻ വിദ്യ അഭ്യസിപ്പിക്കുന്ന ശാരദാസന്നിധിയിൽ എത്തിക്കുന്നതാണ് ഗുരുവിന്റെ നേരാംവഴി. വേദാന്തത്തെ ജീവിതവുമായി ബന്ധിപ്പിക്കുന്ന അദ്വൈതാശ്രമം സ്ഥാപിച്ചിട്ട് നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ലെന്ന് ഒരു വിളംബരത്തിലൂടെ പ്രഖ്യാപിച്ചു ഗുരു.

മനുഷ്യനെ എല്ലാത്തരം സാങ്കല്പിക കെട്ടുപാടുകളിൽനിന്നും മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കുന്ന വിശ്വവിദ്യാലയത്തിന്റെ പരമാദ്ധ്യക്ഷ്യൻ എല്ലാത്തരം വ്യവഹാരികമായ ഭേദഭാവങ്ങളിൽനിന്നും സ്വതന്ത്രനായി ലോകോത്തരമായ വിദ്യാപീഠത്തിൽ ആസനസ്ഥനാകണമെന്നതിനാലാണ് ഗുരു അങ്ങനെയൊരു വിളംബരം നടത്തിയത്. അതിനുശേഷം വിശ്വവിദ്യാലയത്തിൽ പഠിപ്പിക്കാൻ ഒരു സിലബസ് ഉണ്ടാക്കുകയായിരുന്നു അടുത്തപടി. അതാണ് 1916 ൽ രചിച്ച ദർശനമാല.

ഗുരുവിന്റെ ബ്രഹ്മവിദ്യാലയത്തിലെ പ്രധാനപാഠ്യവിഷയം ദർശനമാലയാണ്. ദർശനമാലയിൽ ഗുരു തെളിച്ചുതരുന്ന വേദാന്തം എല്ലാത്തരം ഭേദചിന്തകളെയും ഇല്ലാതാക്കിക്കൊണ്ട് സാധനാനുഷ്ഠാനത്തോടെ സ്വായത്തമാക്കുന്ന സത്യദർശനമാണ്. അതനുസരിച്ച് ഒരുവൻ തന്റെ ജീവിതത്തെ സാക്ഷാത്കാരം എന്ന പൂർണതയെ ലക്ഷ്യമാക്കി ചിട്ടപ്പെടുത്തുന്നു. ലക്ഷ്യപൂർത്തിക്കായി അന്ത്യം വരേയ്ക്കും അപരനും തനിക്കും ഹിതകരമായ കർമ്മം കൃപണതയില്ലാത്ത കൃപാലുവായി അനുഷ്ഠിക്കുന്നു. പക്ഷേ, ഇത്തരം ഒരു വിദ്യാഭ്യാസരീതിയിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം ആധുനിക കാലത്ത് തുലോം കുറവായിരിക്കും എന്ന് ഗുരു പറഞ്ഞിട്ടുണ്ട്.

അധികമാരും പഠിക്കാൻ മെനക്കെടാത്ത ഒന്നാണ് വേദാന്തം. എന്നാൽ അത് ആരുംപഠിക്കാത്ത അവസ്ഥ ഒരുകാലത്തും സംജാതമാകരുത്. പഠിക്കാൻ വാസനയുള്ളവർക്ക് ശരിയായ വഴിയിൽ അഭ്യസിക്കാനും സാധിക്കണം. അതിനാണ് വിശ്വസർവകലാശാല. വേദാന്തം പഠിക്കുന്നവരിൽത്തന്നെ അത് ആചരിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. ആചരിച്ചാലും സ്വാംശീകരിച്ച് ലോകത്തിന് ഉപകാരപ്രദമാക്കുന്നവരുടെ എണ്ണം പിന്നെയും കുറയും. ഒടുവിൽ ധന്യതയെ വരിക്കുന്നവർ ഒന്നോ രണ്ടോ ആയേക്കാം. ഇത്രയും ന്യൂനപക്ഷമായ ഒരു വിദ്യാർത്ഥിസമൂഹത്തിനുവേണ്ടി എന്തിനാണ് ഒരു വിശ്വവിദ്യാലയം എന്നു ചോദിച്ചാൽ അതിനും ഗുരുവിൽ ഉത്തരമുണ്ട്. ലോകം എക്കാലവും നയിക്കപ്പെടുന്നത് അറിവുള്ളവരിലൂടെയാണ്. അവർ എണ്ണത്തിൽ കുറഞ്ഞിരുന്നാലും ലോകം ഒന്നടങ്കം പ്രതിസന്ധിഘട്ടത്തിൽ അവരെ ആശ്രയിക്കുകതന്നെചെയ്യും. അതിനാൽ എക്കാലത്തും വിവേകികളെ ശരിയായ വിദ്യാഭ്യാസത്തിലൂടെ ഒരുക്കിയെടുക്കേണ്ടതുണ്ട്. അതിനൊരു വിശ്വവിദ്യാലയം കൂടിയേ തീരൂ.

മനുഷ്യൻ ചിന്താധനനെന്ന് ബോദ്ധ്യപ്പെട്ടകാലം മുതൽ സ്വയം തിരഞ്ഞ് ഉള്ളിലേക്ക് സഞ്ചരിച്ചവരൊക്കെയും അവർക്ക് ബോദ്ധ്യമായത് ലോകത്തോടു പറഞ്ഞു. അവയാണ് വിവിധ പ്രതിഭകളുടെ ദർശനങ്ങൾ. ഭാരതീയ ദർശനത്തിന് അതിൽ മേൽക്കോയ്മയുണ്ടെങ്കിലും പാശ്ചാത്യവും പൗരസ്ത്യവുമായ പലതരം ദർശനങ്ങൾ മനുഷ്യരെ നന്നായി സ്വാധീനിക്കും വിധം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽതന്നെ ഉപനിഷത്ത്, ഭഗവദ്ഗീത, സാംഖ്യ, ചാർവാക ദർശനങ്ങൾ, ബുദ്ധദർശനം, ജൈനദർശനം എന്നിങ്ങനെ എത്രയോ ദർശന ഭേദങ്ങളുണ്ട്. ഇവയ്ക്കൊക്കെ ശേഷം ലോകം ഏറ്റെടുത്ത മാർക്സിയൻ ദർശനംപോലും ഗുരുവിന്റെ ദൃഷ്ടിയിൽ പതിഞ്ഞു.

പൂർണസത്യബോധത്തിലിരുന്നുകൊണ്ട് ഗുരു എല്ലാ​റ്റിനെയും സ്വതന്ത്രമായി ദർശിച്ചു. അതിനുശേഷം അവയ്ക്കൊക്കെ സംഭവിച്ച പരിമിതികളും പോരായ്മകളും പരിഹരിച്ചുകൊണ്ട് മുഴുവൻ മാനവരാശിക്കും ഉപയുക്തമായ വിധത്തിൽ പത്ത് ദർശനങ്ങളെ ഒരു മാലയിലെന്നവിധം കോർത്തെടുത്താണ് ദർശനമാല തയ്യാറാക്കിയത്. ഇവ പത്തിലൂടെയും കടന്നുപോകുമ്പോഴാണ് എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് ഘട്ടംഘട്ടമായി നമ്മെ നയിക്കുന്ന വഴികാട്ടികളാണെന്ന് അറിയുന്നത്.

ദർശനമാല എഴുതിയിട്ട് എട്ടുവർഷം അത് പഠിച്ചുറപ്പിക്കാൻ ശിഷ്യവൃന്ദത്തിന് സമയംകൊടുത്തു. അതിനുശേഷം 1924ൽ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനത്തിലാണ് ബ്രഹ്മവിദ്യാലയം എന്ന വിശ്വസർവകലാശാല സ്ഥാപിക്കുന്ന കാര്യം ഗുരു പ്രഖ്യാപിച്ചത്. എല്ലാ മതപ്രതിനിധികളും ഇരിക്കുന്ന യോഗമാണ് ഈ മഹാസ്വപ്നപദ്ധതി അവതരിപ്പിക്കാൻ ഭഗവാൻ തിരഞ്ഞെടുത്തത്. പലമതസാരവും ഏകം എന്ന പ്രമേയത്തിലേക്ക് എല്ലാ മതപ്രതിനിധികളുടെയും ചർച്ച എത്തിയ വേളയിലാണ് മതങ്ങൾക്കതീതമായ സത്യബോധത്തിലേക്കുള്ള ഒരു വിദ്യാലയത്തെക്കുറിച്ച് ഗുരു പറഞ്ഞത്.

എന്നാൽ ആ വലിയ ദൗത്യം ഗ്രഹിക്കാനും നടപ്പാക്കാനും മുന്നിട്ടിറങ്ങാൻ മാത്രം ബുദ്ധിക്ക് വെളിച്ചമുള്ള ആരും ഉണ്ടായില്ല. അതിനാൽ ഗുരു പിന്നെ അതേക്കുറിച്ച് മൗനംപൂണ്ടു. ഒരു ശിഷ്യൻ ഇക്കാര്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ അതിനുള്ള ആൾ വരും എന്നുമാത്രം പറഞ്ഞു. ഗുരുവിൻറെ മഹാസമാധിക്ക് 90 വർഷം തികയുന്ന വേളയിൽ ഗുരുവിന്റെ സ്വപ്നം നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് അനക്കം വയ്ക്കുന്നുണ്ട്. ഒരു സർവകലാശാല ഉണ്ടാക്കുക എന്നതല്ല വിഷയം. ഗുരുവിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഗ്രഹിക്കാൻ അതിനുകഴിയുമോ എന്നതാണ് ഏത് ലോകോത്തര വൈസ്ചാൻസലറെയും നമുക്ക് നിയമിക്കാം. എന്നാൽ അദ്ദേഹത്തിന് ദർശനമാല എന്ന ഗുരുവിന്റെ സിലബസ് അറിയുമോ എന്നതും ചോദ്യമാണ് പ്രസക്തമായിട്ടുള്ളത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913