മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം പ്രഭാസ് ഒരു കോടി നൽകിയത് മലയാളത്തിലെ മഹാനടൻമാർ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവർ നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയർ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
നേരത്തെ, മലയാളത്തിലെ യുവ നടന്മാർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്കുമാർ എം.എൽ.എയും രംഗത്തെത്തിയിരുന്നു. കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന മലയാളത്തിലെ പല യുവതാരങ്ങളും കേരളത്തിനൊരു ദുരിതം വന്നപ്പോൾ യാതൊരു സഹായവും ചെയ്;തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമർശനം.
ഇതിന് പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിർന്ന നടി ഷീലയും രംഗത്തെത്തി. സിനിമാ താരങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.